ചൂടിൽനിന്നും രക്ഷതേടി കാറിൽ കയറിയ അഞ്ചുവയസുകാരൻ ശ്വാസം കിട്ടാതെ മരിച്ചു
പൂന: കനത്ത ചൂടിൽനിന്നും രക്ഷതേടി വഴിയിൽ ഉപേക്ഷിച്ച കാറിൽ കയറിയ അഞ്ചുവയസുകാരൻ വിഷവായു ശ്വസിച്ചുമരിച്ചു. ചൊവ്വാഴ്ച പൂനയിലെ ചാകാൻ ചേരിയിലാണ് സംഭവം. അഞ്ചു മണിക്കൂറോളം കാറിനുള്ളിൽ പുറത്തിറങ്ങാനാവാതെ അകപ്പെട്ടുപോയ കുട്ടി ജീവശ്വാസം കിട്ടാതെ മരിക്കുകയായിരുന്നു. കുട്ടിയുടെ മുഖത്തും കഴുത്തിലും പൊള്ളലേറ്റതിന്റെ പാടുകളുണ്ടായിരുന്നു.കാറിനുള്ളിൽ കയറിയ കുട്ടിക്ക് ഡോർ തുറക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് ശ്വാസം മുട്ടിയായിരുന്നു മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു കരൺ പാണ്ഡെയെന്ന കുട്ടിയാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ വീടിനു സമീപം കൂട്ടുകാരുമൊത്ത് കളിക്കാനെത്തിയതായിരുന്നു കരൺ. ചൂട് അസഹനീയമായപ്പോൾ സമീപത്ത് നിർത്തിയിട്ടിരുന്ന കാറിൽ കരൺ അഭയം തേടിയത് . കാറിനുള്ളിൽ കയറിയതും പുറത്തിറങ്ങാൻ കഴിയാതെയായി.
കരണിനെ കാണാതായതോടെ ബന്ധുക്കൾ ആറു മണിക്കൂറോളം നടത്തിയ തെരച്ചിലിൽ കാറിനുള്ളിൽ കണ്ടെത്തുകയായിരുന്നു. കാറിന്റെ വാതിൽ തകർത്ത് കുട്ടിയെ പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു. ആഴ്ചകളായി വഴിയരികിൽ ഉപേക്ഷിച്ചു കിടന്ന കാറിലാണ് കരൺ കയറിയത്. കാറിന്റെ ഉടമയെ കണ്ടെത്താൻ പോലീസ് അന്വേഷണം നടത്തിവരികയാണ്.