ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺ ഷിപ്പ് 143 ഹെക്ടർ ഭൂമി ഏറ്റെടുക്കാം

143 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ രണ്ട് എസ്റ്റേറ്റ് മാനേജുമെന്‍റുകൾ നൽകിയിരുന്ന ഹർജി ഹൈക്കോടതി തളളി. അടുത്ത ദിവസം മുതൽ സർക്കാരിന് ഭൂമി അളന്ന് തിട്ടപ്പെടുത്താമെന്ന് വ്യക്തമാക്കിയ സിംഗിൾ ബെഞ്ച് വ്യവസ്ഥകൾക്ക് വിധേയമായി എസ്റ്റേറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകാനും നിർദേശിച്ചു.

കൊച്ചി | വയനാട്ടിലെ ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതർക്കായി ടൗൺ ഷിപ്പ് നിർമിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനുളള തടസം നീങ്ങി. 143 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ രണ്ട് എസ്റ്റേറ്റ് മാനേജുമെന്‍റുകൾ നൽകിയിരുന്ന ഹർജി ഹൈക്കോടതി തളളി. അടുത്ത ദിവസം മുതൽ സർക്കാരിന് ഭൂമി അളന്ന് തിട്ടപ്പെടുത്താമെന്ന് വ്യക്തമാക്കിയ സിംഗിൾ ബെഞ്ച് വ്യവസ്ഥകൾക്ക് വിധേയമായി എസ്റ്റേറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകാനും നിർദേശിച്ചു. വയനാട്ടിലെ ടൗൺ ഷിപ്പ് നിർമാണത്തിനുളള വലിയൊരു കടമ്പയാണ് സർക്കാരിന് നിലവിൽ മാറിക്കിട്ടിയത്.

ഹാരിസൺ മലയാളം ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലുളള നെടുമ്പാല എസ്റ്റേറിലെ 65.41 ഹെക്ടറും എൽസ്റ്റൺ എസ്റ്റേറ്റിന്‍റെ 78 ഹെക്ടറുമാണ് ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിറക്കിയത്. ഇതിനെതിരെ എസ്റ്റേറ്റ് മാനേജ്മെന്‍റുകൾ നൽകിയ ഹർജി തളളിയ ഹൈക്കോടതി ഭൂമി ഏറ്റെടുക്കൽ നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് നിർദേശിച്ചു. ദുരന്ത നിവാരണ നിയമം പ്രകാരം നടപടികൾ സ്വീകരിക്കാം. എന്നാൽ, 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ച് സർക്കാർ നഷ്ടപരിഹാരം നൽകണം. നഷ്ടപരിഹാരത്തുകയിൽ എതിർപ്പുണ്ടെങ്കിൽ എസ്റ്റേറ്റ് ഉടമകൾക്ക് തുടർ നിയമ നടപടി സ്വീകരിക്കാം. ഏറ്റെടുക്കാനുദ്ദേശിക്കുന്ന ഭൂമി സർക്കാരിന് ആവശ്യമെങ്കിൽ അടുത്ത ദിവസം മുതൽ അളക്കാം.

എസ്റ്റേറ്റ് ഉടമകൾ ഇതിനാവശ്യമായ പിന്തുണ നൽകണം. ഭൂമി സർക്കാർ ഔദ്യോഗികമായി ഏറ്റെടുക്കും മുമ്പ് നഷ്ടപരിഹാരം കൊടുത്തിരിക്കണമെന്നും കോടതി നി‍ർദേശിച്ചു. ദുരന്തബാധിതരുടെയും സർക്കാരിന്‍റെയും ഹൃദയം തിരിച്ചറിയുന്നതാണ് കോടതി വിധിയെന്ന് റവന്യു മന്ത്രി കെ രാജൻ പ്രതികരിച്ചു. നടപടികളിൽ മെല്ലെപ്പോക്ക് ഉണ്ടായിട്ടില്ലെന്നും പുതിയ വര്‍ഷത്തിൽ പുനരധിവാസ പദ്ധതിയുമായി വേഗത്തിൽ മുന്നോട്ടുപോകാമെന്നും കെ രാജൻ പറഞ്ഞു.ഏറ്റെടുക്കുന്ന ഭൂമയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കത്തിലും ഹൈക്കോടതി ചില നിബന്ധനകൾ വെച്ചിട്ടുണ്ട്. എസ്റ്റേറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം കൈപ്പറ്റാമെങ്കിലും ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാരിനാണെന്ന് പിന്നീട് സിവിൽ കോടതി കണ്ടെത്തിയാൽ നഷ്ടപരിഹാരത്തുക തിരികെ നൽകണമെന്നും അക്കാര്യം സമ്മതിച്ച് സത്യവാങ്മൂലം നൽകണമെന്നും ഉത്തരവിലുണ്ട്.

You might also like

-