ചീഫ് ജസ്റ്റീസിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ ഇംപീച്ച്മെന്റ് നോട്ടീസ്
.
ഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരേ പ്രതിപക്ഷ പാർട്ടികൾ ഇംപീച്ച്മെന്റ് നോട്ടീസ് നൽകി. രാജ്യസഭ അധ്യക്ഷൻ എം. വെങ്കയ്യ നായിഡുവിനാണ് നോട്ടീസ് നൽകിയത്. ഇംപീച്ച്മെന്റ് നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് കോണ്ഗ്രസ് നേതാവ് ഗുലാംനബി ആസാദ് വിളിച്ചു ചേർത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം പ്രതിപക്ഷ പാർട്ടികൾ സ്വീകരിച്ചത്.
ഇംപീച്ച്മെന്റ് നോട്ടീസിൽ ഏഴ് പാർട്ടികളിലെ 60 എംപിമാർ ഒപ്പിട്ടെന്നും ഗുലാം നബി ആസാദ് പറഞ്ഞു. കോണ്ഗ്രസ്, എൻസിപി, സിപിഎം, സിപിഐ, എസ്പി, ബിഎസ്പി, മുസ്ലീം ലീഗ് തുടങ്ങിയ പാർട്ടികളാണ് നോട്ടീസിനെ പിന്തുണച്ചത്.
ജഡ്ജി ലോയയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി വ്യാഴാഴ്ച സുപ്രീംകോടതി തള്ളിയതിനു പിന്നാലെ ബിജെപിയെ കടന്നാക്രമിച്ച് കോണ്ഗ്രസ് രംഗത്തെത്തിയിരുന്നു. സുപ്രീംകോടതി ഇപ്പോൾ ഈ വിഷയം തള്ളിക്കളഞ്ഞെങ്കിലും ഒരുനാൾ സത്യം പുറത്തുവരാതിരിക്കില്ലെന്നു കോണ്ഗ്രസ് പ്രതികരിച്ചിരുന്നു