കർദിനാൾ മാ‍ർ ജോർജ് ആല‌ഞ്ചേരിക്കെതിരെ വൈദികരുടെ പുതിയ നീക്കം

0

കർദിനാൾ മാ‍ർ ജോർജ് ആല‌ഞ്ചേരിക്കെതിരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരുടെ പുതിയ നീക്കം. പെസഹാ ദിവസം സ്ത്രീകളുടെ കാല്‍ കഴുകേണ്ടെന്ന കർദിനാളിന്റെ  ഉത്തരവ് പിൻവലിക്കണമെന്നാണ് ആവശ്യം. വരുന്ന വൈദിക സമിതി യോഗത്തിൽ ഇക്കാര്യം ഉന്നയിക്കാനും തീരുമാനിച്ചിട്ടുണ്ട്.

സിറോ മലബാർ സഭാ ഭൂമി വിവാദം തല്ലിക്കെടുത്താൻ ശ്രമം തുടരുന്നതിനിടെയാണ് അതിരൂപതയിലെ കർദിനാൾ വിരുദ്ധ വൈദിക വിഭാഗം പുതിയ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. സഭയിൽ സ്ത്രീക്കും പുരുഷനും തുല്യപ്രാധാന്യമാണ്. കാനോനിക നിയമങ്ങളും ഇത് ഉറപ്പു നൽകുന്നുണ്ട്. അങ്ങനെയിരിക്കെ പെസഹാ ദിവസം പുരുഷൻമാരുടെ കാലുകൾ മാത്രം കഴുകിയിൽ മതിയെന്ന മാർ ജോർജ് ആല‌ഞ്ചേരിയുടെ 2017ലെ ഉത്തരവ് സഭാ വിരുദ്ധമെന്നാണ് ഇവരുടെ വാദം.

യേശു 12 പുരുഷൻമാരുടെ കാലുകളാണ് കഴുകിയതെന്നും അതിന്റെ പ്രതീകമായിട്ടാണ് കാൽ കഴുകൽ ശുശ്രൂഷയെന്നുമാണ് സഭാ നേതൃത്വത്തിന്റെ മറുവാദം. എന്നാൽ കാൽകഴുകലിലൂടെ ഉദ്ദേശിക്കുന്നത് ഇടയൻ ഭൃത്യനായി മാറുന്ന മഹത്തായ സന്ദേശമാണെന്നും അതിന് സ്ത്രീ-പുരുഷ വ്യത്യാസമില്ലെന്നും വൈദികർ പറയുന്നു. മാർപ്പാപ്പക്ക് സ്ത്രീകളുടെ കാൽ കഴുകാമെങ്കിൽ കർദിനാളിനായിക്കൂടെ എന്നാണ് ഇവരുടെ ചോദ്യം

സ്ത്രീകളുടെ കാൽകഴുകേണ്ടെന്ന കർദിനാളിന്റെ ഉത്തരവിന് സിനഡ് നൽകിയ പിന്തുണ ചോദ്യം ചെയ്യാനാണ് വൈദികരുടെ നീക്കം. അടുത്ത സമിതി യോഗങ്ങളിൽതന്നെ ഇക്കാര്യം അജണ്ടയിൽ ഉൾപ്പെടുത്തി അവതരിപ്പിക്കും.

You might also like

-