കർണാടക 4 ടി എം സി ജലം തമിഴ്നാടിനെ നല്കണം സുപ്രീംകോടതി
ഡൽഹി: കാവേരിയിൽനിന്നു തമിഴ്നാടിനു ജലം വിട്ടുകൊടുക്കണമെന്ന് സുപ്രീംകോടതി. കർണാടക നാല് ടിഎംസി ജലം ഉടൻ വിട്ടു നൽകണമെന്ന് കോടതി ഉത്തരവിട്ടു. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും കോടതി നിരീക്ഷിച്ചു.കാവേരി വിഷയത്തിൽ കേന്ദ്ര സർക്കാരിനെയും കോടതി രൂക്ഷമായി വിമർശിച്ചു. ചൊവ്വാഴ്ചയ്ക്കുള്ളിൽ കാവേരി നദീജല പരിപാല ബോർഡ് രൂപീകരിക്കാൻ നടപടി ആരംഭിക്കണമെന്നും കോടതി ഉത്തരവിട്ടു. കേസ് മേയ് എട്ടിനു വീണ്ടും പരിഗണിക്കും.ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യത്തിന് സ്വമേധയാ കേസെടുക്കുമെന്നും കോടതി വ്യക്തമാക്കി. കാവേരി വിഷയത്തിലുള്ള കേന്ദ്ര സർക്കാരിന്റെ വാദം എങ്ങനെ വിശ്വസിക്കുമെന്നും കർണാടക തെരഞ്ഞെടുപ്പ് തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ചൂണ്ടിക്കാട്ടി.
കാവേരി വിഷയത്തിൽ കോടതി ഉത്തരവുപ്രകാരമുള്ള സമഗ്ര പദ്ധതി നടപ്പാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മേയ് മൂന്നിനകം സമഗ്ര പദ്ധതി തയാറാക്കി സമർപ്പിക്കാനാണ് കോടതി നേരത്തെ നിർദേശിച്ചിരുന്നത്.