കർണാടകയിൽ ഇനി കുമാരസ്വാമി മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ തിങ്കളാഴ്ച?
ബംഗളൂരു: ദിവസങ്ങൾ നീണ്ടുനിന്ന രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ബിജെപിയുടെ പതനത്തിൽ ചവിട്ടി ജനതാദൾ നേതാവ് എച്ച.ഡി. കുമാരസ്വാമി കന്നഡ നാടിന്‍റെ മുഖ്യമന്ത്രിയാകുമെന്നുറപ്പായി. കോൺഗ്രസ് നേതാവ് ജി.പരമേശ്വരയാകും ഉപമുഖ്യമന്ത്രിയെന്നാണ് വിവരങ്ങൾ. കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന്‍റെ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിച്ച ഡി.കെ.ശിവകുമാറും മന്ത്രിസഭയിലെത്തിയേക്കും. ഊർജ വകുപ്പാകും അദ്ദേഹത്തിന് ലഭിക്കുകയെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങൾ.
തിങ്കളാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നാണ് സൂചന. സർക്കാരുണ്ടാനുള്ള വാദം ഉന്നയിച്ച് കുമാരസ്വാമി ഇന്ന് 7.30ന് ഗവർണർ വാജുഭായ് വാലയെ കാണും. സർക്കാർ രൂപീകരണത്തിന് തിടുക്കം കാട്ടില്ലെന്നും ഗവർണറുടെ ക്ഷണത്തിനായി കാത്തിരിക്കുകയാണെന്നുമായിരുന്നു നേരത്തെ വിധാൻ സൗധയിലെ സംഭവവികാസങ്ങൾക്കു പിന്നാലെ കുമാരസ്വാമി പറഞ്ഞിരുന്നത്. എന്നാൽ, ഗവർണർ ഇതുവരെ ക്ഷണിക്കാത്തതിനേത്തുടർന്നാണ് എത്രയും വേഗം അദ്ദേഹത്തെ കണ്ട് ആവശ്യമുന്നയിക്കാൻ കോൺഗ്രസ്-ജെഡിഎസ് ക്യാമ്പ് തീരുമാനിച്ചത്. കുമാരസ്വാമി മന്ത്രിസഭയിൽ മലയാളി സാന്നിധ്യമായി യു.ടി.ഖാദറും കെ.ജെ.ജോർജും ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.