കർണാടകയിലെ കോൺഗ്രസ്സ് ചരടുവലിക്കു പിന്നിൽ തന്ത്രംമെനയാൻ പ്രിയങ്കയും ?

0

ഡല്‍ഹി: കര്‍ണാടകത്തില്‍ ബി.ജെ.പിയുടെ തന്ത്രങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കാന്‍ തയാറാകാതെ ഏതുരത്തിലുള്ള രാഷ്ട്രീയ പോരാട്ടത്തിനും തയാറെന്ന സന്ദേശം നല്‍കുകയാണ് കോണ്‍ഗ്രസ്. ഇതിന് ചുക്കാൻ പിടിക്കുന്നതിനെ കോൺഗ്രസ്സിൽ രാകുൽ ഗാന്ധിക്കും സോണിയാഗാദിക്കും പുറമേ ഇത്തവണ തന്ത്രം മെനയാൻ പ്രിയങ്ക ഗാന്ധിയും പത്തം നമ്പർ ജൻപത്തിൽ എത്തിയിട്ടുണ്ട് പ്രിയങ്കയാണ് കേവലം 38 സീറ്റുകളുമായി മൂന്നാം സ്ഥാനത്തെത്തിയ ജെ.ഡി(എസ്)ലെ കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദം വച്ചുനീട്ടിയുള്ള രാഷ്ട്രീയക്കളിക്ക് തന്ത്രം മെനഞ്ഞത് . ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ ഇതുവരെയുണ്ടാകാതിരുന്ന കരുത്ത് കര്‍ണാടകയിലെ രാഷ്ട്രീയ നീക്കങ്ങള്‍ കോണ്‍ഗ്രസിനു നല്‍കിയിട്ടുണ്ട്. ഇതിലൂടെ വിഘടിച്ചുനിന്ന ചെറു കക്ഷികളെ ഒറ്റക്കുടക്കീഴിലാക്കാനും കോണ്‍ഗ്രസിനു സാധിച്ചെന്നാണ് സൂചന.

കര്‍ണാടകത്തിലെ രാഷ്ട്രീയ കരുനീക്കങ്ങള്‍ തീരുമാനിച്ചത് മുന്‍കേണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ്. മനു അഭിഷേക് സിങ്‌വി വെള്ളിയാഴ്ച സുപ്രീം കോടതിയിൽ ഹാജരായതു പോലും സോണിയയുമായി ചര്‍ച്ച നടത്തിയ ശേഷമാണ്. കോടതിയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ക്കു രൂപം നല്‍കാന്‍ സോണിയയ്‌ക്കൊപ്പം മകള്‍ പ്രിയങ്കയുമുണ്ടായിരുന്നു. കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാനുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ സോണിയയ്‌ക്കൊപ്പം പ്രിയങ്കയും നിര്‍ണായക പങ്ക് വഹിച്ചെന്നാണ് ഇതു വ്യക്തമാക്കുന്നത്.

ബി.ജെ.പിക്കെതിരെ പഴുതടച്ചുള്ള രാഷ്ട്രീയ നീക്കം നടത്തുന്നതിന്റെ ഭാഗമായി വന്‍സംവിധാനങ്ങളാണ് പാര്‍ട്ടി ഏര്‍പ്പെടുത്തിയിരിക്കുന്നത്. എം.എല്‍.എമാര്‍ മറുകണ്ടം ചാടുന്നത് ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ബെംഗലുരുവില്‍ ക്യാമ്പ് ചെയ്തിരിക്കുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ ഗുലാം നബി ആസാദും അശോക് ഗഹ് ലോട്ടുമാണ്. നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് ഉപദേശങ്ങളുമായി ബി.എസ്.പി നേതാവ് മായാവതിയും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചരിയും കോണ്‍ഗ്രസിനൊപ്പമുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദും അഹമ്മദ് പട്ടേലും എം.എല്‍.എമാരെ പാര്‍പ്പിച്ചിരിക്കുന്ന ആന്ധ്രയിലെ ടിഡിപി, ടിആര്‍എസ് പാർട്ടികളുടെ നേതാക്കളുമായി നിരന്തര ബന്ധം പുലര്‍ത്തുന്നു.

ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഗോവ, മേഘാലയ, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷത്തിരിക്കേണ്ടി വന്ന അവസ്ഥ കര്‍ണാടകത്തില്‍ ഉണ്ടാകാതിരിക്കാന്‍ ഏതറ്റംവരെ പോകാനും പാര്‍ട്ടി തയാറാണെന്ന സൂചനയാണ് നേതാക്കള്‍ നല്‍കുന്നത്.

കര്‍ണാടകത്തില്‍ ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പായപ്പോള്‍ തന്നെ കോണ്‍ഗ്രസ് നേതൃത്വം ജെ ഡി എസിന് മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തുള്ള രാഷ്ട്രീയ നീക്കത്തിനു തുടക്കമിട്ടിരുന്നു. ഒരു കാരണവശാലും കര്‍ണാടകയില്‍ ഭരണം നഷ്ടമാക്കില്ലെന്ന സൂചനയാണ് കോണ്‍ഗ്രസ് ഈ ചടുല നീക്കത്തിലൂടെ നല്‍കുന്നത്.

വോട്ടെണ്ണല്‍ ദിനത്തില്‍ ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ ബെംഗലുരുവില്‍ നേരിട്ടെത്തിയാണ് ജെ.ഡി.എസുമായുള്ള സഖ്യസാധ്യതകള്‍ക്ക് നീക്കം തുടങ്ങിയത്. സര്‍ക്കാര്‍ രൂപീകരണത്തില്‍ അവകശവാദമുന്നയിച്ചുള്ള കത്ത് ഗവര്‍ണര്‍ക്ക് നല്‍കുന്നതിലും താമസമുണ്ടായില്ല. കോണ്‍ഗ്രസ് സഖ്യത്തിന്റെ അവകാശവാദം തള്ളി ബി.ജെ.പിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ചെങ്കിലും ഗവര്‍ണറുടെ നടപടിക്കെതിരെ അഖിലേഷ് യാദവ് മുതല്‍ മായാവതിവരെയുള്ള പ്രതിപക്ഷകക്ഷി നേതാക്കളെ രംഗത്തിറക്കാന്‍ കഴിഞ്ഞതും നേട്ടമായി.

ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന് നിന്നു കൊടുക്കാതെ എം.എല്‍.എമാരെ വ്യാഴാഴ്ച രാത്രിതന്നെ ഹൈദ്രാബാദിലേക്കു മാറ്റാനും കോണ്‍ഗ്രസ് നേതാക്കള്‍ വിശ്രമമില്ലാതെ പണിയെടുത്തു. വ്യാഴ്ച അര്‍ധരാത്രി ബെംഗലുരുവില്‍ അരങ്ങേറിയ രാഷ്ട്രീയ നാടകത്തിന്റെ ചുക്കാന്‍ സിങ്‌വിയുടെ കൈകളിലായിരുന്നു. സഹായവുമായി കപില്‍ സിബലും പി.ചിദംബരവും വിവേക താങ്കേയും ഒപ്പം ചേര്‍ന്നു.

വെള്ളിയാഴ്ച രാവിലെ കോടതിയില്‍ കോണ്‍ഗ്രസ് നേതാക്കളായ മുതിര്‍ന്ന അഭിഭാഷകരെല്ലാം ഹാജരായി. കപില്‍ സിബല്‍ കോണ്‍ഗ്രസ്- ജെ.ഡി.യു സഖ്യത്തിനു വേണ്ടി വാദിച്ചപ്പോള്‍ വിശ്വാസ വോട്ടെടുപ്പിനു മുന്‍പ് ആഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ തെരഞ്ഞെടുക്കാനുള്ള ബി.ജെ.പി നീക്കത്തിന് തടയിട്ട് പി. ചിദംബരവും രംഗത്തെത്തി.

ഇനി കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് വിശ്വസ വോട്ടെടുപ്പ് അതിജീവിച്ച് ഭരണം ഉറപ്പാക്കാന്‍ സാധിച്ചാല്‍ കര്‍ണാടകത്തിനു വേണ്ടി കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം നടത്തിയ ചരടുവലികള്‍ രാഷ്ട്രീയ വിജയമാകുമെന്നതില്‍ തര്‍ക്കമില്ല. 2019-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പു തന്നെ വിഘടിച്ചു നിന്ന പ്രതിപക്ഷ കക്ഷികളെ കൂട്ടിയിണക്കി ബി.ജെ.പിക്കെതിരെ പോര്‍മുഖം തുറക്കാന്‍ കഴിഞ്ഞെന്നതാണ് കര്‍’നാടക’ത്തില്‍ കോണ്‍ഗ്രസിനുണ്ടായ രാഷ്ട്രീയ നേട്ടം

You might also like

-