കർണാടകത്തിൽ സർക്കാരുണ്ടാക്കാനുള്ള ശ്രമങ്ങൾ തല്‍ക്കാലമില്ലെന്ന് ബിജെപി.

0

ബംഗളൂരു: കർണാടകത്തിൽ സർക്കാരുണ്ടാക്കാനുള്ള ശ്രമങ്ങൾ തല്‍ക്കാലമില്ലെന്ന് ബിജെപി. മൂന്ന് മാസത്തിനുളളിൽ കോൺഗ്രസ് ജെഡിഎസ് സഖ്യ സർക്കാർ താഴെവീഴുമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു. എംഎൽഎമാരെ സ്വാധീനിക്കാൻ ഇനിയും ശ്രമം നടന്നേക്കുമെന്ന ആശങ്കയിൽ അവരെ റിസോർട്ടിൽത്തന്നെ പാർപ്പിച്ചിരിക്കുകയാണ് കോൺഗ്രസും ജെഡിഎസ്സും.

വിശ്വാസവോട്ടിന് നിൽക്കാതെ യെദ്യൂരപ്പ രാജിവെച്ചൊഴിഞ്ഞെങ്കിലും ബിജെപി ക്യാമ്പിന് ഇപ്പോഴും വിശ്വാസമുണ്ട്. പതിനാല് പേർ മറുകണ്ടംചാടിയാൽ എപ്പോൾ വേണമെങ്കിലും ഭരണം കയ്യിൽ വരുമെന്ന കണക്കുകൂട്ടലുണ്ട്. എന്നാല്‍ ഡി കെ ശിവകുമാറിന്‍റെ തന്ത്രങ്ങളും കൈക്കൂലി ടേപ്പുകളും പ്രതിരോധത്തിലാക്കിയ ബിജെപി തല്‍ക്കാലം ഒന്നിനുമില്ല. “ജെഡിഎസിനും കോണ്‍ഗ്രസിനുമിടയില്‍ പ്രശ്നങ്ങള്‍ ഇപ്പോള്‍ത്തന്നെ തുടങ്ങി. അവര്‍ പരസ്പരം പോരടിക്കുകയാണ്. മൂന്ന് മാസത്തിനുള്ളില്‍ ഈ സര്‍ക്കാര്‍ താഴെവീഴും. അതിനുശേഷം ബിജെപി ഒരു സര്‍ക്കാര്‍ രൂപീകരണത്തിന്‍റെ സാധ്യതകള്‍ പരിശോധിക്കും”, സദാനന്ദ ഗൗഡ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ജെഡിഎസിനും കോൺഗ്രസിനുമില്ലാത്ത പ്രതീക്ഷയാണ് മന്ത്രിസഭാ രൂപീകരണ ചർച്ചകളിൽ ബിജെപിക്ക്. ജയനഗർ, ആർ ആർ നഗർ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളിലേക്ക് നീങ്ങിയിരിക്കുകയാണ് നേതൃത്വം. അനന്ത് കുമാറിനും സദാനന്ദ ഗൗഡക്കും ചുമതല നൽകി. സഭയിൽ അംഗസംഖ്യ കൂട്ടിയാൽ മാത്രമേ ഇനി വിശ്വാസം ജയിക്കാൻ വഴിയുളളൂ. അതേസമയം ബിജെപി വെറുതെയിരിക്കില്ലെന്ന് കോൺഗ്രസ് ജെഡിഎസ് ക്യാമ്പിന് ബോധ്യമുണ്ട്. അവരുടെ എംഎൽഎമാര്‍ ഇപ്പോഴും റിസോർട്ടിലാണ്. ചാക്കിൽ വീഴില്ലെന്ന് ഉറപ്പുളള നേതാക്കൾക്ക് മാത്രമാണ് മണ്ഡലങ്ങളിലെത്താൻ അനുമതി നൽകിയിരിക്കുന്നത്. ഇരുകക്ഷികളിലെയും ബാക്കിയുളളവർ ഇതിൽ അസംതൃപ്തരാണെന്നും റിപ്പോർട്ടുണ്ട്. വിശ്വാസം ജയിച്ച ശേഷം മാത്രമേ പുറത്തുപോകാവു എന്നാണ് നിർദേശം. ബുധനാഴ്ചയാണ് കുമാരസ്വാമിയുടെ അധികാരമേല്‍ക്കല്‍. വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ്.

You might also like

-