കൊറിയക്കിടയിൽ ഹോട്ട് ലൈൻ
സിയൂൾ: ഇരുകൊറിയകളുടെയും നേതാക്കൾ തമ്മിൽ അടുത്തയാഴ്ച നടത്താനിരിക്കുന്ന ഉച്ചകോടിക്കു മുന്നോടിയായി പ്രത്യേക ഹോട്ട് ലൈൻ സ്ഥാപിച്ചു. കിം ജോംഗ് ഉന്നിനും മൂൺ ജേ ഇന്നിനും നേരിട്ടു ടെലഫോണിൽ സംസാരിക്കാൻ സൗകര്യമൊരുക്കുന്ന ഇത്തരമൊരു ഹോട്ട് ലൈൻ സ്ഥാപിക്കുന്നത് ആദ്യമാണ്. സിയൂളിലെ പ്രസിഡൻഷ്യൽ ബ്ലൂ ഹൗസിനെയും പ്യോഗ്യാംഗിലെ സ്റ്റേറ്റ് അഫയേഴ്സ് കമ്മീഷൻ ഓഫീസിനെയും ബന്ധിപ്പിച്ചു സ്ഥാപിച്ച ഹോട്ട് ലൈനിന്റെ ടെസ്റ്റിംഗ് നടത്തി. കമ്മീഷന്റെ മേധാവിയാണു കിം ജോംഗ് ഉൻ.
അടുത്ത വെള്ളിയാഴ്ചയാണ് ഇരുകൊറിയകളുടെയും അതിർത്തിയിലുള്ള പാൻമുൻജോം ഗ്രാമത്തിൽ ഉച്ചകോടി നടത്തുന്നത്. ഉച്ചകോടിക്കു ശേഷവും ഹോട്ട് ലൈൻ നിലനിർത്തുമെന്ന് ദക്ഷിണകൊറിയൻ അധികൃതർ പറഞ്ഞു.
സംഘർഷവേളയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സന്പർക്കം നിലനിർത്താൻ ഇതു സഹായിക്കും. ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ തമ്മിൽ നടത്തിയ ടെസ്റ്റ് കോൾ നാലുമിനിറ്റും 19 സെക്കൻഡും ദീർഘിച്ചു. ഉച്ചകോടിക്കു മുന്പായി കിമ്മും മൂണും ഒരുവട്ടം ഹോട്ട് ലൈനിൽ സംസാരിക്കുമെന്നു കരുതുന്നതായി ബ്ലൂഹൗസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഫെബ്രുവരിയിൽ ദക്ഷിണകൊറിയയിൽ നടത്തിയ വിന്റർ ഒളിന്പിക്സാണ് ഇരു കൊറിയകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിനു വഴിതെളിച്ചത്.
വിന്റർ ഒളിന്പിക്സിന് എത്തിയ കിമ്മിന്റെ സഹോദരി ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂണുമായി കൂടിക്കാഴ്ച നടത്തി. ഇരുകൊറിയകളും തമ്മിൽ ഉച്ചകോടി നടത്തണമെന്ന നിർദേശം ഇതെത്തുടർന്നുണ്ടായി. കിമ്മും യുഎസ് പ്രസിഡന്റ് ട്രംപും തമ്മിൽ മറ്റൊരു ഉച്ചകോടിയും ദക്ഷിണകൊറിയൻ ഉദ്യോഗസ്ഥർ ഏർപ്പാടു ചെയ്തു. മേയിലോ ജൂണിലോ ഉച്ചകോടി നടക്കുമെന്നു പ്രസിഡന്റ് ട്രംപ് ഈയിടെ സ്ഥിരീകരിച്ചു.
യുഎസിൽ ചെന്നെത്താൻ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് യുഎസിനെ പ്രകോപിപ്പിച്ച ഉത്തരകൊറിയയുടെ മനം മാറ്റം യഥാർഥമാണെങ്കിൽ കൊറിയയിൽ സമാധാനത്തിനുള്ള മാർഗം തെളിയും. കിമ്മുമായുള്ള ചർച്ച ഫലം ചെയ്യില്ലെന്നു ബോധ്യപ്പെട്ടാൽ ഉച്ചകോടി ഉപേക്ഷിക്കുമെന്നു ട്രംപ് പറയുകയുണ്ടായി.
ഇതിനിടെ ആണവനിരായുധീകരണത്തിന് ഉത്തരകൊറിയ സന്നദ്ധമാണെന്ന് സിയൂൾ വ്യക്തമാക്കി. കൊറിയൻ യുദ്ധത്തിനുശേഷം അമേരിക്ക ദക്ഷിണകൊറിയയിൽ നിലനിർത്തിയിട്ടുള്ള സൈനികരെ പിൻവലിക്കണമെന്നതുൾപ്പെടെയുള്ള ഉപാധികളൊന്നും വയ്ക്കാതെ നിരായുധീകരണ ചർച്ചയാവാമെന്നാണു പ്യോഗ്യാംഗ് സമ്മതിച്ചിട്ടുള്ളത്.