കേരളം പൊരുതി ആറാം സന്തോഷ് ട്രോഫി കിരീടംസ്വന്തമാക്കി
കോൽക്കത്ത: നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ ഫുട്ബോളിന്റെ അഭിമാന കിരീടം കേരളം തിരിച്ചുപിടിച്ചു. ബംഗാളിനെ അവരുടെ നാട്ടിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി കേരളം ആറാം സന്തോഷ് ട്രോഫി കിരീടം ചൂടി. ഷൂട്ടൗട്ടിൽ ബംഗാളിന്റെ ആദ്യത്തെ രണ്ടു കിക്കുകളും തടഞ്ഞിട്ട കേരളത്തിന്റെ ഗോളി മിഥുനാണ് വിജയശിൽപി. 13 വർഷത്തിന്റെ ഇടവേളയ്ക്കു ശേഷമാണ് കേരളം സന്തോഷ് ട്രോഫി കരസ്ഥമാക്കുന്നത്. നിശ്ചിത സമയത്തും അധിക സമയത്തും ഓരോ ഗോളടിച്ചു സമനിലയിൽ പിരിഞ്ഞതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കളി നീളുകയായിരുന്നു.
എതിരാളി മുഖത്തിനു ചവിട്ടി മുറിവേൽപ്പിച്ചിട്ടും തളരാതെ പോസ്റ്റിനു മുന്നിൽ കൈകൾ വിരിച്ചുനിന്ന മിഥുൻ ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രം തിരുത്തിക്കുറിക്കുകയായിരുന്നു. സന്തോഷ് ട്രോഫിയുടെ 72 വർഷത്തെ ചരിത്രത്തിൽ സ്വന്തം തട്ടകത്തിൽ നടന്ന കലാശപ്പോരിലൊന്നും പരാജയം രുചിച്ചിട്ടില്ലെന്ന ബംഗാളിന്റെ ഗർവാണ് മിഥുൻ തിരുത്തിക്കുറിച്ചത്. സ്വന്തം തട്ടകത്തിലെ ഒമ്പതു ഫൈനലുകളാണ് വംഗനാട്ടുകാർ ജയിച്ചത്. 1989,1994 വർഷങ്ങളിൽ കേരളത്തെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി കപ്പടിച്ച ബംഗാളിനുള്ള മധുര പ്രതികാരവും കൂടിയായി ഈ വിജയം.
ബംഗാളിനായി അങ്കിത് മുഖർജി എടുത്ത ആദ്യ കിക്ക് തന്നെ തടഞ്ഞിട്ട് മിഥുൻ കിരീടത്തിലേക്ക് കേരളത്തെ അടുപ്പിച്ചു. കേരളത്തിന്റെ ആദ്യ കിക്ക് രാഹുൽ പി. രാജൻ വലയിലാക്കി. ബംഗാളിന്റെ രണ്ടാം കിക്കും മിഥുൻ തടഞ്ഞിട്ടതോടെ കിരീടം കേരളം ഏതാണ്ട് ഉറപ്പിച്ചു. ഹുസൈൻ ആയിരുന്നു കിക്ക് എടുത്തത്. കേരളത്തിനായി ജിതിൻ ഗോപാലും ജസ്റ്റിനും രണ്ടും മൂന്നും കിക്കുകൾ വലയിലാക്കി.
എന്നാൽ തീർഥങ്കർ സർക്കാരും സഞ്ജയ് സമനും മിഥുനെ പരാജയപ്പെടുത്തിയതോടെ കേരള ക്യാമ്പിലെ ബിപി വീണ്ടും കൂടി. നിർണായകമായ നാലാം കിക്കെടുക്കാൻ കേരളത്തിന്റെ വൈസ് ക്യാപ്റ്റൻ ജിതിൻ എത്തുമ്പോൾ അതുവരെ പരാജയമായിരുന്ന ഗോളിയെ ബംഗാൾ മാറ്റി. അവരുടെ ക്യാപ്റ്റൻ മെർമു തന്നെ പോസ്റ്റിനു കീഴിലെത്തി. എന്നാൽ ബംഗാളിന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തി ജിതിൻ പന്തിനെ വലയിലെത്തിച്ചു. പന്ത് ഗോൾവര മുറിച്ചതും കേരളം സന്തോഷത്താൽ പൊട്ടിത്തെറിച്ചു.
കളിയുടെ 19-ാം മിനിറ്റില്‍ എം.എസ്.ജിതിനിലൂടെ കേരളം മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയുടെ 68 ാം മിനിറ്റിൽ ക്യാപ്റ്റൻ ജിതേന്‍ മുര്‍മുവിലൂടെ ബംഗാൾ സമനില പിടിച്ചു. ഇതോടെ അധിക സമയത്തേക്ക് കളി നീണ്ടു. അധികസമയത്തും കേരളം ആദ്യം ലീഡെടുത്തു. വിപിൻ തോമസാണ് കേരളത്തിനായി വലചലിപ്പിച്ചത്. കളി തീരാൻ ആറു മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ ഗോൾ വീണതോടെ കേരളത്തിന്റെ പ്രതീക്ഷ വാനോളമായി.
എന്നാൽ കേരള ഗോൾ കീപ്പറെ ചവിട്ടിവീഴ്ത്തിയതിനു ചുവപ്പു കാർഡ് കണ്ട് മുന്നേറ്റനിരക്കാരൻ പുറത്തായിട്ടും ബംഗാൾ വിട്ടുകൊടുക്കാൻ തയാറല്ലായിരുന്നു. അധിക സമയത്തെ ഇഞ്ചുറി ടൈമിൽ തീർഥങ്കർ സർക്കാരിന്റെ കിടിലൻ ഫ്രീകിക്ക് മിഥുനെയും മറികടന്ന് ഗോൾ വരമുറിച്ചു. ഇതോടെ കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നു.