കെ.വി. തോമസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.
2018 മുതല്‍ തന്നെ പുറത്താക്കാന്‍ ശ്രമിക്കുകയാണ്. എല്ലാവരും അക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. തന്നെ മാറ്റിനിര്‍ത്തുകയാണ് ലക്ഷ്യം, തോമസ് പറഞ്ഞു.
കൊച്ചി| നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച രാത്രി എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച നടന്നത്. അച്ചടക്ക നടപടിയെ ഭയക്കുന്നില്ല. തലമുറമാറ്റം വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കു കൂടി ബാധകമല്ലേ എന്നും കെ.വി. തോമസ് ആരാഞ്ഞു.ഇടതുമുന്നണിയോട് താല്‍പര്യം തോന്നാന്‍ കാരണം അവരുടെ വികസന കാഴ്ചപ്പാടാണ്. വികസനകാര്യങ്ങള്‍ വരുമ്പോള്‍ അനാവശ്യമായ രാഷ്ട്രീയം കൊണ്ടുവരരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികസനവിഷയം എന്തുകൊണ്ട് യു.ഡി.എഫിന്റെ വേദികളില്‍ പറയാന്‍ സാധിക്കുന്നില്ല എന്ന ചോദ്യത്തിന്- അവസരം തന്നാലല്ലേ പറ്റൂ എന്നായിരുന്നു കെ.വി. തോമസിന്റെ മറുപടി. യു.ഡി.എഫ്. 2018 മുതല്‍ തന്നെ പുറത്താക്കാന്‍ ശ്രമിക്കുകയാണ്. എല്ലാവരും അക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. തന്നെ മാറ്റിനിര്‍ത്തുകയാണ് ലക്ഷ്യം, തോമസ് പറഞ്ഞു.
പുതുതലമുറയ്ക്കുവേണ്ടി മാറിനില്‍ക്കണം എന്നു പറയുമ്പോള്‍ തനിക്ക് മാത്രമാണോ അത് ബാധകമെന്നും തോമസ് ചോദിച്ചു. എ.കെ. ആന്റണി ദേശീയ രാഷ്ട്രീയത്തില്‍നിന്ന് സംസ്ഥാനത്തേക്ക് കഴിഞ്ഞദിവസമാണ് മടങ്ങിയെത്തിയത്. എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പ് അധികാരത്തിന്റെ താക്കോലുമായാണ് അദ്ദേഹം ഡല്‍ഹിക്ക് പോയത്. ഇപ്പോഴല്ലേ അത് തിരിച്ചു കൊടുക്കുന്നത്. എത്ര വര്‍ഷമായി?, തോമസ് ചോദിച്ചു.കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും തോമസ് വിമര്‍ശിച്ചു. തന്നെക്കാള്‍ ഒരുവയസ്സു കുറവേയുള്ളൂ കെ. സുധാകരന്. അദ്ദേഹം അടുത്ത തവണ പാര്‍ലമെന്റിലേക്ക് മത്സരിക്കുമോ? വി.ഡി. സതീശന്‍ അഞ്ചു ടേം കഴിഞ്ഞു. അടുത്ത തലമുറയ്ക്കു വേണ്ടി മാറിക്കൊടുക്കുമോ? സ്വന്തം കാര്യം വരുമ്പോള്‍ ഒരു നിയമവും തന്നേപ്പോലുള്ളവരുടെ കാര്യംവരുമ്പോള്‍ ഒറ്റപ്പിടിത്തവും ആണെന്നും തോമസ് വിമര്‍ശിച്ചു.
തൃക്കാക്കരയിലെ ഇടത് മുന്നണി സ്ഥാനാർത്ഥി ജോ ജോസഫിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തൃക്കാക്കരയിൽ എത്തും. പാലാരിവട്ടത്ത് നടക്കുന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് മുതിർന്ന നേതാവ് കെ വി തോമസും കൺവെൻഷനിൽ പങ്കെടുക്കും.