കെ എം ജോസഫിന്‍റെ നിയമനo പരിശോധിച്ച ശേഷം

0

ഡൽഹി :ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കുന്നത് സംബന്ധിച്ച തര്‍ക്ക വിഷയത്തില്‍ കൊളീജിയം തീരുമാനമെടുത്തില്ല. കേന്ദ്രം തിരിച്ചയച്ച കെ എം ജോസഫിന്‍റെ നിയമന ഫയല്‍ വിശദമായി പരിശോധിച്ച ശേഷം തീരുമാനമെടുക്കാനായി മാറ്റിവെച്ചു.

വൈകുന്നേരം 4.15 ഓടെ ആരംഭിച്ച കൊളീജിയം യോഗം 50 മിനുട്ടോളം നീണ്ടുനിന്നു. അവധിയിലായിരുന്ന ജഡ്ജി ജെ ചെലമേശ്വര്‍ അടക്കം എല്ലാ അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. കെ എം ജോസഫിന്‍റെ നിയമന ശിപാര്‍ശ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേന്ദ്ര നിയമ മന്ത്രാലയത്തിന്‍റെ കത്ത് മാത്രമായിരുന്നു കൊളീജിയത്തിന്‍റെ അജണ്ട. കത്ത് പരിഗണിച്ചെങ്കിലും തീരുമാനമെടുക്കാതെ മാറ്റിവെക്കുകയായിരുന്നു. ഇക്കാര്യത്തില്‍ വിശദമായി പരിശോധിച്ച ശേഷം മാത്രം തീരുമാനമെടുത്താല്‍ മതിയെന്നാണ് കൊളീജിയത്തിന്‍റെ തീരുമാനം. അംഗങ്ങള്‍ക്കിടയില്‍ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ ഭിന്നതമൂലമാണോ തീരുമാനം മാറ്റിവെച്ചതെന്നത് വ്യക്തമല്ല.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കെ എം ജോസഫിന്‍റെ നിയമന ശിപാര്‍ശ തള്ളിക്കൊണ്ട് കേന്ദ്രം ചീഫ് ജസ്റ്റിസിന് കത്തയച്ചത്. പ്രാതിനിധ്യമില്ലാത്ത കൊല്‍ക്കത്ത, രാജസ്ഥാന്‍, ആന്ധ്ര, തെലങ്കാന ഹൈക്കോടതികളിലെ അംഗങ്ങളെ നിയമനത്തിനായി പരിഗണിക്കുക, സീനിയോറിറ്റിയും മാനദണ്ഡമാക്കുക എന്നിവയായിരുന്നു കേന്ദ്രത്തിന്‍റെ നിലപാട്. എന്നാല്‍ ഇതെല്ലാം പരിഗണിച്ച ശേഷമാണ് കെ എം ജോസഫിന്‍റെ പേര് നിര്‍ദേശിച്ചതെന്നും വീണ്ടും കെ എം ജോസഫിന്‍റെ പേര് തന്നെ ശിപാര്‍ശ ചെയ്യുമെന്നുമായിരുന്നു കൊളീജിയം അംഗങ്ങള്‍ തന്നെ വ്യക്തമാക്കിയിരുന്നത്.

അതേസമയം ശിപാര്‍ശ തള്ളിയതില്‍ അപാകതയില്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ ചീഫ് ജസ്റ്റിസിന്‍റ പ്രതികരണം. അതിനാല്‍ തന്നെ അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയ്ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല.

You might also like

-