കെവി തോമസിനെ കോൺഗ്രസ്സ് പാർട്ടിയിൽ നിന്ന് പുറത്താക്കി
"ഇനി കാത്തിരിക്കാനാകില്ലെന്നും കെ വി തോമസിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കൊണ്ട് കെപിസിസി ഉത്തരവ് ഇറക്കിയിട്ടുണ്ട് "
തിരുവനന്തപുരം | കെവി തോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. “ഇനി കാത്തിരിക്കാനാകില്ലെന്നും കെ വി തോമസിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കൊണ്ട് കെപിസിസി ഉത്തരവ് ഇറക്കിയിട്ടുണ്ട് ” കെ പി സി സി അധ്യക്ഷന്‍ കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
എഐസിസി അനുമതിയോടെയാണ് നടപടി. പാർട്ടി വിരുദ്ധ പ്രകടനം നടത്തിയതിനാണ് തോമസിനെ പുറത്താക്കിയത്. ഇന്ന് തൃക്കാക്കരയിൽ എൽഡിഎഫ് കൺവെൻഷനിൽ കെവി തോമസ് പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. നേരത്തെ തന്നെ ഇദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം കെപിസിസി മുന്നോട്ടുവച്ചിരുന്നു. എന്നാൽ, അന്ന് നടപടിയെടുക്കാൻ എഐസിസി തയ്യാറായിരുന്നില്ല.
ഇന്ന് നടന്ന എൽഡിഎഫ് കൺവെൻഷനിൽ കെ-റെയിൽ പദ്ധതിയെ അനുകൂലിച്ച് കെവി തോമസ് രംഗത്തെത്തിയിരുന്നു. കേരളത്തിൻ്റെ പുരോഗതിക്കും, സംസ്ഥാന ഗതാഗത വികസനത്തിനും കെ-റെയിൽ പദ്ധതി ആവശ്യമാണ്. ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സിൽവർ ലൈൻ പോലെയുള്ള ഹൈ സ്പീഡ് വികസന പദ്ധതികൾ വേണമെന്നും കെ.വി തോമസ് പറഞ്ഞു.
പുതിയ പദ്ധതികൾ അവതരിപ്പിക്കുമ്പോൾ എതിർപ്പുകൾ സ്വാഭാവികമാണ്. കൊച്ചി മെട്രോ അടക്കമുള്ള വിവിധ പദ്ധതികൾ പല പ്രതിസന്ധികൾ തരണം ചെയ്താണ് യാഥാർഥ്യമായത്. പ്രതിസന്ധികൾ നേരിട്ട് സംസ്ഥാനത്തെ മുന്നോട്ടു നയിക്കാൻ കരുത്തുള്ള ജന നായകന്മാർക്ക് മാത്രമേ കഴിയൂ എന്നും പിണറായി വിജയന് ആ കരുത്തുണ്ടെന്നും കെ.വി തോമസ് പറഞ്ഞു. തൃക്കാക്കര തെരഞ്ഞെടുപ്പിൽ ജനം വികസനത്തിനൊപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലാരിവട്ടത്ത് നടക്കുന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് കെ വി തോമസ് വേദിയിലെത്തിയത്. ഒരു മണിക്കൂർ ബ്ലോക്കിൽപ്പെട്ടത് കൊണ്ടാണ് വേദിയിലെത്താന്‍ വൈകിയതെന്ന് കെ വി തോമസ് മുഖ്യമന്ത്രിയോട് പറഞ്ഞു. കെ റെയിൽ വരേണ്ട ആവശ്യകത ഇതാണെന്ന് മുഖ്യമന്ത്രി തന്‍റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. സിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രനും സ്ഥാനാര്‍ത്ഥി ജോ ജോസഫും എൽഡിഎഫിലേയും സിപിഐഎമ്മിലേയും മറ്റു നേതാക്കളും കണ്‍വൻഷൻ വേദിയിലുണ്ടായിരുന്നു.