കെവിൻ കേസ്: ദുരഭിമാനക്കൊലയെന്ന് പ്രോസിക്യൂഷൻ, വിധി പറയാൻ 22ന് പരിഗണിക്കും
ദുരഭിമാനക്കൊല ആണോ എന്ന കാര്യത്തിൽ അഭിപ്രായം കേൾക്കണമെന്ന് കോടതി വ്യക്തമാക്കി. ഇരുഭാഗത്തോടുമാണ് ഇക്കാര്യം കോടതി ഇന്ന് ആവശ്യപ്പെട്ടത്. കെവിന്‍റെ വധം ദുരഭിമാനക്കൊലയെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണ് ഇത്. പിന്നോക്ക വിഭാഗത്തിൽപ്പെട്ടയാളാണ് കെവിനെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇക്കാര്യം സ്ഥാപിക്കാൻ പ്രോസിക്യൂഷൻ വില്ലേജ് രേഖകളും ഹാജരാക്കി.
കോട്ടയം: കെവിന്‍റെ കൊലപാതകം ദുരഭിമാനക്കൊലയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയാൻ കേസ് പരിഗണിച്ചപ്പോഴാണ് പ്രോസിക്യൂഷൻ ഇക്കാര്യം കോടതിയിൽ ഉന്നയിച്ചത്. അതേസമയം, കെവിൻ കേസ് വിധി പറയാനായി മാറ്റി. ഈ മാസം 22ന് കേസ് വിധി പറയാനായി പരിഗണിക്കും.
ദുരഭിമാനക്കൊല ആണോ എന്ന കാര്യത്തിൽ അഭിപ്രായം കേൾക്കണമെന്ന് കോടതി വ്യക്തമാക്കി. ഇരുഭാഗത്തോടുമാണ് ഇക്കാര്യം കോടതി ഇന്ന് ആവശ്യപ്പെട്ടത്. കെവിന്‍റെ വധം ദുരഭിമാനക്കൊലയെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണ് ഇത്. പിന്നോക്ക വിഭാഗത്തിൽപ്പെട്ടയാളാണ് കെവിനെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇക്കാര്യം സ്ഥാപിക്കാൻ പ്രോസിക്യൂഷൻ വില്ലേജ് രേഖകളും ഹാജരാക്കി.
കെവിൻ പിന്നോക്കക്കാരൻ ആയതിനാലാണ് വിവാഹം അംഗീകരിക്കാത്തത്. ഇതിന് തെളിവുണ്ടെന്നും മുഖ്യസാക്ഷി ലിജോയോട് ഒന്നാംപ്രതി സാനു ചാക്കോ നടത്തിയ ഫോൺ സംഭാഷണം ദുരഭിമാനക്കൊലയാണെന്നതിന് തെളിവാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. കെവിൻ താഴ്ന്ന ജാതിയിൽ പെട്ടയാളാണെന്ന് ചാക്കോ ലിജോയോടും പറഞ്ഞു. ഇതെല്ലാം ദുരഭിമാന കൊലയിലേക്ക് വിരൽ ചൂണ്ടുന്നതാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
അതേസമയം, ഒരു മാസത്തിനകം കല്യാണം നടത്തിക്കൊടുക്കാം എന്ന് പറഞ്ഞിരുന്നെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. പൊലീസ് സ്‌റ്റേഷനിൽ നടന്ന ചർച്ചയിൽ ഇക്കാര്യം പറഞ്ഞിരുന്നു. നീനുവും ഇക്കാര്യം സമ്മതിച്ചതായി മൊഴി ചൂണ്ടിക്കാട്ടി പ്രതിഭാഗം വാദിച്ചു. മൂന്ന് തലമുറയായി തങ്ങൾ ക്രിസ്ത്യാനികളാണെന്ന് സാക്ഷിമൊഴിയുണ്ടെന്നും ക്രിസ്ത്യാനികൾക്കിടയിൽ ജാതി വ്യത്യാസമില്ലെന്നും പ്രതിഭാഗം വാദിച്ചു.
നീനുവിന്‍റെ മൊഴിയിൽ വൈരുദ്ധ്യങ്ങൾ ഉണ്ടെന്നും പ്രതികൾ എല്ലാം പല ജാതിയിൽപെട്ടതാണെന്നും അതിനാൽ തന്നെ ജാതീയമായ വൈരാഗ്യം പ്രതികൾക്ക് വരില്ലെന്നും പ്രതിഭാഗം വാദിച്ചു