കുതിര കച്ചവടം ഭയന്ന് ബംഗളുരുവിലെ റിസോർട്ടിൽ പാർപ്പിച്ചിരിക്കുന്ന ജെഡിഎസ്-കോണ്‍ഗ്രസ് എംഎൽഎമാരെ മാറ്റി.
ബംഗളുരു: ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് ബംഗളുരുവിലെ റിസോർട്ടിൽ പാർപ്പിച്ചിരിക്കുന്ന ജെഡിഎസ്-കോണ്‍ഗ്രസ് എംഎൽഎമാരെ അവിടെനിന്നു മാറ്റി. രാത്രി വൈകി രണ്ടു ബസുകളിലായാണ് എംഎൽഎമാരെ ബംഗളുരുവിലെ റിസോർട്ടിൽനിന്ന് പുറത്തേക്കു കൊണ്ടുപോയത്. കൊച്ചിയിലേക്കാണ് ബസുകൾ പോകുന്നതെന്ന് പ്രവർത്തകർ മാധ്യമങ്ങളോടു പറഞ്ഞപ്പോൾ പുതുച്ചേരിയിലേക്കാണു യാത്രയെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ് എംഎൽഎമാരെ റോഡുമാർഗം കൊച്ചിയിലേക്കു തന്നെ കൊണ്ടു പോകുമെന്നും സൂചനയുണ്ട്.
എംഎൽഎമാരെ മുഴുവനായി കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങൾക്കു കേന്ദ്രസർക്കാരാണു തടയിട്ടത്. എംഎൽഎമാരെ മാറ്റുന്നതിനുള്ള ചാർട്ടേഡ് വിമാനങ്ങൾക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചില്ല. രാഷ്ട്രീയ ഇടപെടലാണ് അനുമതി നിഷേധിക്കാൻ കാരണമെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി ആരോപിച്ചു.
ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് എംഎൽഎമാരെ കൊച്ചിയിൽ എത്തിക്കുമെന്നായിരുന്നു നേരത്തെ ലഭിച്ച സൂചന. കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലേക്ക് എംഎൽഎമാരെ മാറ്റുമെന്നായിരുന്നു അഭ്യൂഹം. അതേസമയം, ഹൈദരാബാദ്, പഞ്ചാബ്, വിശാഖപട്ടണം എന്നീ സ്ഥലങ്ങളും എംഎൽഎമാരെ സുരക്ഷിതമായി പാർപ്പിക്കാൻ പാർട്ടി നേതൃത്വങ്ങൾ പരിഗണിച്ചിരുന്നു.