കുടിക്കാം ആവശ്യത്തിന് ബാറുകൾ നാടെങ്ങും
.
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍ തുറക്കും .ഇത് സംബന്ധിച്ച സുപ്രീംകോടതി വിധി മാനിക്കുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി. നപടിക്രമങ്ങള്‍ ഈയാഴ്ച തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 152 ബാറുകളാണ് സുപ്രീംകോടതി വിധി കാത്ത് കിടക്കുന്നത്. ഇതില്‍ മൂന്ന് ത്രീസ്റ്റാര്‍ ബാറുകളും, 149 ബിയര്‍ വൈന്‍പാര്‍ലറുകളും പെടും. പുതിയ വിധിയെ തുടര്‍ന്ന് പഞ്ചായത്തുകളില്‍ ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് അറിയുന്നത്. ബാറുകള്‍ തുറക്കുന്നതില്‍ പൊതുമാനദണ്ഡം നിശ്ചയിക്കും.
ദേശീയ സംസ്ഥാന പാതകളുടെ സമീപത്തെ മദ്യവില്‍പനക്കുള്ള നിയന്ത്രണത്തിനാണ് സുപ്രീംകോടതി ഇളവ് വരുത്തിയത്.പട്ടണത്തിന്‍റെ സ്വഭാവമുള്ള പഞ്ചായത്തുകളില്‍ മദ്യശാലകള്‍ തുടങ്ങാമെന്നും, ഇക്കാര്യം സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.
ദേശീയപാതകളുടെയും, സംസ്ഥാനപാതകളുടെയും 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. നഗരപാതകളെയും മുന്‍സിപ്പല്‍ മേഖലകളേയും പിന്നീട് ദൂരപരിധിയില്‍ നിന്ന് ഒഴിവാക്കി .പാതയോര മദ്യവില്‍പന നിരോധനത്തിന്‍റെ പരിധിയില്‍ നിന്ന് പഞ്ചായത്തുകളെയും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരളമുള്‍പ്പടെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.