കിഫ്‌ബി ഓഡിറ്റ്; ധനമന്ത്രിയുടെ വാദം തള്ളി ചെന്നിത്തല, സര്‍ക്കാരിന്‍റെ ശ്രമം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനെന്നും ആരോപണം

0

തിരുവനന്തപുരം: കിഫ്ബി വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസകിന്‍റെ വാദം തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സര്‍ക്കാരിന്‍റെ അനുവാദം ഇല്ലാതെ തന്നെ സിഎ ജിക്ക് ഓഡിറ്റ് നടത്താം എന്ന വാദം തെറ്റാണ്. ഓഡിറ്റ് നടന്നാൽ നിക്ഷേപകരുടെ ആത്മവിശ്വാസം കുറയും എന്ന വാദം ബാലിശമാണെന്നും ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം…

കിഫ്ബിയുടെ സമ്പൂർണ്ണ ഓഡിറ്റ് സി എ ജിക്ക് നിഷേധിച്ച സംസ്ഥാന സർക്കാർ നിലപാട് സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക്കും, സർക്കാരും ഉയർത്തുന്ന വാദങ്ങൾ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. കിഫ്ബിയിലെ തീർത്തും ദുരൂഹമായ ഇടപാടുകൾ സി എ ജി ഓഡിറ്റ് ചെയ്താൽ ഉണ്ടാകാൻ പോകുന്ന പ്രത്യാഘാതങ്ങൾ ഭയന്നാണ് സർക്കാർ സി പി സി നിയമത്തിലെ 20 (2) വകുപ്പ് പ്രകാരമുള്ള ഓഡിറ്റ് നിഷേധിച്ചിരിക്കുന്നത്.

സി എ ജി നിയമം 1971 ലെ 20 (2) വകുപ്പ് പ്രകാരം കിഫ്ബിയുടെ ഫണ്ട് വിനിയോഗം ഓഡിറ്റ് ചെയ്യുവാനുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് 2018 മാര്‍ച്ച് 15 നാണ് സി എ ജി സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയത്.ഓഡിറ്റ് നിഷേധിച്ചു കൊണ്ട് സർക്കാർ നൽകിയ വിശദീകരണം ദുരൂഹവും വിചിത്രവുമാണ്. കിഫ്ബി അക്കൗണ്ടുകളുടെ ഓഡിറ്റ് സി എ ജി നടത്തിയാൽ നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം കുറയും എന്ന തീർത്തും വിചിത്രവും ബാലിശവുമായ വാദമാണ് സർക്കാർ ഉയർത്തിയത്.

ലോകത്തെവിടെയെങ്കിലും ഒരു സ്ഥാപനം സുതാര്യമാണെന്ന് അറിഞ്ഞാൽ നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം കുറയും എന്ന വാദം ഉയർത്തിയത് നിങ്ങൾ കേട്ടിട്ടുണ്ടോ? ചിലപ്പോൾ സ്വിസ് ബാങ്ക് അങ്ങനെയായിരിക്കാം.

ഇനി ധനമന്ത്രി തോമസ് ഐസക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഉയർത്തിയ വാദങ്ങളിലേക്ക് വരാം…

ഡി.പി.സി. നിയമം 1971 ലെ 14(1) വകുപ്പ് പ്രകാരം കിഫ്ബിയുടെ എല്ലാ വരവ് ചിലവ് കണക്കുകൾ ഓഡിറ്റ് ചെയ്യുവാൻ സി എ ജിക്ക് പൂർണ്ണമായ അധികാരമുണ്ടെന്നും ഇതിന് ആരുടെയും അനുവാദം ആവിശ്യമില്ലെന്നുമാണ് തോമസ് ഐസക്ക് സെപ്തംബർ മൂന്നിന് നൽകിയ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നത്.

എന്നാൽ ഇത് ശരിയല്ല. പ്രസ്തുത വകുപ്പിൽ അതോറിറ്റിയുടെ നിയമാവലിയനുസരിച്ച് മാത്രമേ ഓഡിറ്റ് ചെയ്യാൻ സാധിക്കുകയുള്ളു എന്നാണ് പറഞ്ഞിരിക്കുന്നത്‌.

You might also like

-