കാറ്റിലും മഴയിലും 86 പേർ മരിച്ചു
ലക്നോ: ഡൽഹി, യുപി, ബിഹാർ, ആന്ധ്രപ്രദേശ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലുണ്ടായ കാറ്റിലും മഴയിലും 86 പേർ മരിച്ചു. നൂറ്റന്‍പതിലേറെ പേർക്കു പരിക്കേറ്റു. യുപിയിലായിരുന്നു ഏറ്റവുമധികം നാശനഷ്ടം. യുപിയിലെ 25 ജില്ലകളിലായി വീശിയടിച്ച പൊടിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 51 ആയി, 123 പേർക്കു പരിക്കേറ്റു. 121 വീടുകൾ പൂർണമായി തകർന്നു.
മേയ് ഒൻപതിനു വീശിയടിച്ച പൊടിക്കാറ്റിൽ 18 പേരാണു മരിച്ചത്. മേയ് രണ്ട്, മൂന്ന് തീയതികളിലുണ്ടായ ഇടിമിന്നലിലും പേമാരിയിലും ഉത്തർപ്രദേശ്, രാജസ്ഥാൻ, തെലുങ്കാന, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിൽ 134 പേരാണു മരിച്ചത്. ഉത്തർപ്രദേശിൽ മാത്രം 80 പേരാണു മരിച്ചത്. പശ്ചിമബംഗാളിൽ മിന്നലേറ്റു 14 പേർ മരിച്ചു. കനത്ത മഴയിലും കാറ്റിലും ആന്ധ്രപ്രദേശിൽ 12 പേരും ഡൽഹിയിൽ രണ്ടു പേരും ബിഹാറിൽ ആറുപേരും ഉത്തരാഖണ്ഡിൽ ഒരാളും മരിച്ചു.