കശ്മീരില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് സര്‍വകക്ഷിയോഗം.
ശ്രീനഗര്‍: അമര്‍നാഥ് യാത്രയുടെയും റംസാന്‍ വ്രതാരംഭത്തിന്റെയും പശ്ചാത്തലത്തില്‍ കശ്മീരില്‍ തീവ്രവാദികളുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇന്നലെ ചേര്‍ന്ന സര്‍വകക്ഷിയോഗം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധി സംഘവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കൂടിക്കാഴ്ച നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. അടുത്ത ആഴ്ച മോഡി കശ്മീര്‍ സന്ദര്‍ശിക്കാന്‍ ഇരിക്കെയാണ്.
താഴ്‌വരയിലുണ്ടായ കല്ലേറില്‍ തമിഴ്‌നാട് സ്വദേശിയായ വിനോദ സഞ്ചാരി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി അടിയന്തരമായി സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തത്. തെരുവില്‍ സൈന്യത്തിനെതിരെ രംഗത്ത് വരുന്ന പ്രക്ഷോഭകരില്‍ കുട്ടികള്‍ വരെ പങ്കെടുക്കുന്നതില്‍ തനിക്ക് ആശങ്കയുണ്ടെന്ന് അവര്‍ യോഗത്തില്‍ പറഞ്ഞു.
തങ്ങള്‍ സൈന്യത്തിനെതിരെ യുദ്ധത്തിന് പോവുകയാണെന്നാണ് കശ്മീരിലെ കുട്ടികള്‍ തങ്ങളുടെ അമ്മമാരോട് പറയുന്നത്. ഇങ്ങനെയാണെങ്കില്‍ കശ്മീരിലെ പ്രശ്‌നങ്ങള്‍ എങ്ങനെയാണ് പരിഹരിക്കുക. ഇപ്പോള്‍ കോളജിലും മറ്റും പഠിക്കുന്ന യുവതലമുറയുടെ ഭാവി എങ്ങനെ സുരക്ഷിതമാക്കാമെന്നാണ് നമ്മള്‍ പരിശോധിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.
2000ല്‍ റംസാന്‍ വ്രതാരംഭത്തോട് അനുബന്ധിച്ച് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയ് കശ്മീരിലെ വിഘടനവാദികളുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു.