കത്വ പെണ്‍കുട്ടിയുടെ കൊലപാതകം മനുഷ്യമന:സാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് കുമ്മനം
കശ്മീരിലെ കത്വയില്‍ പിഞ്ചു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം മനുഷ്യമന:സാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മനുഷ്യത്വമുള്ള ഒരാള്‍ക്കും അംഗീകരിക്കാവുന്ന സംഭവമല്ല അവിടെ നടന്നത്. ഇത്തരക്കാരെ ഒറ്റപ്പെടുത്താന്‍ സമൂഹം തയ്യാറാകണം. സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ നടപടികളാണ് കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ സഹായിച്ചത്.
അതേസമയം ക്രൂരപീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പേരും ചിത്രവും ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി നിയമവിരുദ്ധവും ക്രൂരവുമാണ്. ഇത്തരം കേസുകളില്‍ ഇരയാക്കപെടുന്നവര്‍ക്ക് നിയമം നല്‍കുന്ന അവകാശം പിണറായി വിജയന്‍ ലംഘിച്ചിരിക്കുകയാണ്. ഇത് ഇരയെ അപമാനിക്കലാണ്. ഈ നിയമത്തെപ്പറ്റിയുള്ള അജ്ഞതമൂലമല്ല മുഖ്യമന്ത്രി ഇങ്ങനെ ചെയ്തത്.
സംഭവത്തിന് വര്‍ഗ്ഗീയനിറം നല്‍കാന്‍ ശ്രമിച്ചതിലൂടെ ഇത് മന:പൂര്‍വ്വമാണെന്നും വ്യക്തമായി. രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് കേരളാ പൊലീസ് ചീഫിന് പരാതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു