എൻ ഡി എ യിൽ കലാപം തെലുങ്കു ദേശം പാർട്ടി മന്ത്രിമാർ മോദി സർക്കാരിൽനിന്നു രാജിവച്ചു.
ഡൽഹി: ആന്ധ്രപ്രദേശിനു പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം കേന്ദ്രസർക്കാർ നിരാകരിച്ചതിനെത്തുടർന്ന് തെലുങ്കു ദേശം പാർട്ടി മന്ത്രിമാർ മോദി സർക്കാരിൽനിന്നു രാജിവച്ചു. കേന്ദ്രമന്ത്രിസഭയിൽ ടിഡിപിയുടെ പ്രതിനിധികളായ അശോക് ഗജപതി റാവു, വൈ.എസ്. ചൗധരി എന്നിവരാണു രാജിവച്ചത്. വൈകിട്ട് ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് മന്ത്രിമാർ രാജിക്കത്ത് സമർപ്പിച്ചു. ഇവരുടെ രാജി പ്രധാനമന്ത്രി സ്വീകരിച്ചതായാണു റിപ്പോർട്ട്. അതേസമയം, എൻഡിഎ മുന്നണിയിൽ തുടരാനാണു ടിഡിപിയുടെ തീരുമാനമെന്നാണു സൂചന.
ഏഴാംതീയതി രാത്രി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു വിളിച്ചുചേർത്ത യോഗത്തിലാണ് മന്ത്രിമാർ രാജിവാക്കുന്നതുമായി ബന്തപ്പെട്ട തിരുമാനംമുണ്ടായത് ആന്ധ്രപ്രദേശിനു പ്രത്യേക പദവി നല്‍കാനാവില്ലെന്നും പ്രത്യേക പാക്കേജ് മാത്രമേ അനുവദിക്കാനാവൂ എന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ വിശദീകരണത്തിനു പിന്നാലെയാണ് ടിഡിപി നിലപാട് വ്യക്തമാക്കിയത്. പ്രത്യേക പദവിയെന്നതു വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടുള്ളതാണെന്നും ആന്ധ്രയ്ക്ക് ഭരണഘടനാനുസൃതമായ പ്രത്യേക സാന്പത്തിക പാക്കേജ് നല്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നുമായിരുന്നു ജയ്റ്റ്ലി പ്രസ്താവിച്ചത്.
16 ലോക്സഭാംഗങ്ങളാണു ടിഡിപിക്കുള്ളത്. രാജ്യസഭയിൽ ആറംഗങ്ങളുണ്ട്. 2014ലാണു ടിഡിപിയും ബിജെപിയും സഖ്യത്തിലായത്. അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്തും ഇരു പാർട്ടികളും സഖ്യത്തിലായിരുന്നു. ടിഡിപി എൻഡിഎ വിട്ടാൽ വൈഎസ്ആർ കോണ്‍ഗ്രസ് എൻഡിഎയിലെത്തുമെന്നാണു സൂചന. അവർക്ക് ഒന്‍പതു ലോക്സഭാംഗങ്ങളും ഒരു രാജ്യസഭാംഗവുമുണ്ട്.
അതേസമയം, കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങളെ പിൻവലിക്കുമെന്ന് ടിഡിപി പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിയും രാഷ്ട്രീയ നീക്കം ആരംഭിച്ചു. ആന്ധ്രാപ്രദേശ് മന്ത്രിസഭയിലെ രണ്ടു മന്ത്രിമാരെ രാജിവയ്പ്പിച്ചായിരുന്നു ബിജെപിയുടെ പ്രതിരോധം. മന്ത്രിമാരായ കെ.ശ്രീനിവാസ് റാവുവും പി.എം.റാവുവുമാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് രാജിക്കത്ത് നൽകിയത്.