ഉപാധിരഹിതപട്ടയം സമയബന്ധിതമായി നല്‍കും: ഇ ചന്ദ്രശേഖരന്‍
1960ലെ കേരള ഭൂമി പതിവ് നിയമ പ്രകാരമുള്ള വിവിധ ചട്ടങ്ങള്‍ക്കനുസരിച്ചാണ് സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കുന്നത്. പഞ്ചായത്ത് പ്രദേശങ്ങളില്‍ 1964ലെ കേരള ഭൂമി പതിവ് ചട്ടങ്ങള്‍ അനുസരിച്ചും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ 1995ലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രദേശങ്ങളിലെ ഭൂമി പതിവ് ചട്ടങ്ങള്‍ അനുസരിച്ചും 1977 ജനുവരി ഒന്നിന് മുന്‍പ് കൈവശമുള്ള വനഭൂമി പതിച്ചു നല്‍കുന്നതിന് 1993 ലെ പ്രത്യേക ഭൂമി പതിവ് ചട്ടങ്ങള്‍ അനുസരിച്ചുമാണ് ഭൂമി പതിച്ചു നല്‍കുന്നത്. കൂടാതെ, വ്യവസായിക ആവശ്യം കര്‍ഷക തൊഴിലാളികളുടെ പുനരധിവാസം, റബ്ബര്‍ പ്ലാന്റേഷന്‍, വയനാട് കോളനൈസേഷന്‍ സ്‌കീം, ഏലം, തേയില, കോഫി എന്നീ കൃഷി ആവശ്യങ്ങള്‍ക്കു വേണ്ടിയും പ്രത്യേകം ഭൂമി പതിവ് ചട്ടങ്ങള്‍ നിലവിലുണ്ടെന്നും ഇതു സംബന്ധിച്ച രാജു എബ്രഹാമിന്റെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മന്ത്രി മറുപടി നല്‍കി.1964 ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം ഭൂമി പതിച്ചു നല്‍കുന്നത് വീടുവയ്ക്കുന്നതിനും കൃഷിക്കും ഗുണപരമായ ഉപയോഗത്തിനും വേണ്ടിയാണ്.കൈവശമുള്ള ഭൂമി പതിച്ചു നല്‍കുന്നതിനും കൈവശം ഇല്ലാത്ത ഭൂമി പതിച്ചു നല്‍കുന്നതിനും പ്രത്യേക വ്യവസ്ഥകളാണുള്ളത്. എന്നാല്‍, 2017 ഓഗസ്റ്റ് 17ലെ ഉത്തരവ് പ്രകാരം ഭേദഗതി ചട്ടങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. നിലവില്‍ കൈവശമുള്ള ഭൂമി പതിച്ചു നല്‍കുന്ന കേസുകളില്‍ ഭൂമി എപ്പോള്‍ വേണമെങ്കിലും കൈമാറ്റം ചെയ്യാവുന്നതാണ്. കൈവശത്തിരിക്കുന്ന ഭൂമി പതിച്ചു നല്‍കുന്നതിനുണ്ടായിരുന്ന വരുമാന പരിധി എടുത്തു കളഞ്ഞു. കൈവശമില്ലാത്ത ഭൂമി പതിച്ചു നല്‍കുന്ന കാര്യത്തില്‍ ഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള കാലപരിധി 25 വര്‍ഷത്തില്‍ നിന്നും 12 വര്‍ഷമായി കുറവ് ചെയ്തിട്ടുണ്ട്. പതിച്ചു കിട്ടുന്ന ഭൂമി ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും ഉള്‍പ്പടെ പണയപ്പെടുത്തി വായ്പ എടുക്കുന്നതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി. അതുപോലെ കര്‍ഷകര്‍ നട്ടുവളര്‍ത്തുന്ന മരങ്ങളില്‍ ചന്ദനമരം ഒഴികെയുള്ളവ മുറിക്കുന്നതിന് കര്‍ഷകര്‍ക്ക് തന്നെ അനുവാദം നല്‍കി. കൈവശമുള്ള ഭൂമി പതിച്ചു നല്‍കുന്നതിനും കൈവശമില്ലാത്ത ഭൂമി പതിച്ചു നല്‍കുന്നതിനും പ്രത്യേകം പ്രത്യേകം ഫാറങ്ങള്‍ കൊണ്ടുവന്നതും ഇടതുമുന്നണി സര്‍ക്കാരാണെന്ന് മന്ത്രി അറിയിച്ചു.