ഉത്തര്‍പ്രദേശില്‍ കനത്ത പേമാരിയില്‍ മരണമടഞ്ഞവരുടെ എണ്ണം 16 ആയി
ലഖ്‌നൗ: പശ്ചിമ ഉത്തര്‍പ്രദേശില്‍ കനത്ത പേമാരിയില്‍ മരണമടഞ്ഞവരുടെ എണ്ണം 16 ആയി. ശക്തമായ കാറ്റിലും മഴയിലും പെട്ട് മുപ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും അലിഗഡില്‍ നിന്നും മഥുരയില്‍ നിന്നുമായി 29 പേരെ കാണാതായിട്ടുമുണ്ട്. എറ്റ ജില്ലയില്‍ നാല് മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മഥുരയിലും അലിഗഡിലും മൂന്നു പേര്‍ വീതവും ആഗ്രാ, ഫിറോസബാദ് എന്നിവിടങ്ങളില്‍ രണ്ട് വീതവും കാണ്‍പൂര്‍ ദേഹാത്തിലും ഹത്രാസിലും ഓരോ മരണം വീതവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ശക്തമായ പേമാരിയിലും ഇടിമിന്നലിലും ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. നാശനഷ്ടങ്ങള്‍ കണക്കാക്കി അടിയന്തര സഹായങ്ങള്‍ ഉറപ്പാക്കാന്‍ ജില്ലാ ഓഫീസര്‍മാരോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി. 12, 13 തീയതികളില്‍ രാജ്യത്തിന്റെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിള്‍ ശക്തമായ മഴയ്ക്കും മിന്നലിനും പൊടിക്കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.