ഇന്ത്യ പാക്ക് നയതന്ത്ര ചർച്ച ലക്ഷ്യം കാശ്മീർ
ഡൽഹി: അതിർത്തിയിലെ സാഹചര്യം മാറ്റമില്ലാതെ തുടരവെ ഇന്ത്യ പാക്കിസ്ഥാനുമായി അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ട്. മുൻ നയതന്ത്രജ്ഞർ, സൈനികർ, വിദ്യാഭ്യാസ വിചക്ഷണർ എന്നിവർ ഉൾപ്പെട്ട സംഘം പാക്കിസ്ഥാനിലെത്തിയിരുന്നതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് ഇവർ പാക്കിസ്ഥാനിലെത്തിയത്. ട്രാക് 2 നയതന്ത്ര വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ചർച്ചകൾ നടക്കുന്നതെന്നാണു സൂചന.മുൻ വിദേശകാര്യ സെക്രട്ടറി വിവേക് കട്ജുവിന്റെ നേതൃത്വത്തിലുള്ള 14 അംഗ ഇന്ത്യൻ സംഘത്തിൽ മുൻ കാബിനറ്റ് സെക്രട്ടറിയും മുൻ നാവികസേനാ മേധാവിയും ഉൾപ്പെട്ടിരുന്നതായാണു വിവരം. മുൻ വിദേശകാര്യ മന്ത്രി ജവേദ് ജബ്ബാർ, മുൻ വിദേശകാര്യ സെക്രട്ടറി ഇനാമുൾ ഹഖ്, മുൻ സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാൻ ഗവർണർ ഇഷ്റത്ത് ഹുസൈൻ എന്നിവരുൾപ്പെട്ട പാക് സംഘവുമായാണ് ഇസ്ലാമാബാദിലെ ഹോട്ടലിൽ ഇന്ത്യൻ സംഘം ചർച്ചകൾ നടത്തിയതെന്നു റിപ്പോർട്ട് പറയുന്നു.
ചർച്ചകൾക്കുശേഷം ഇന്ത്യൻ സംഘത്തിന് പാക് വിദേശകാര്യ സെക്രട്ടറി വിരുന്നും ഒരുക്കിയിരുന്നു. പാക്കിസ്ഥാൻ നയതന്ത്ര സംഘത്തിന് ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ തൊട്ടടുത്ത ദിവസം വിരുന്നു നൽകി.ചർച്ചകളിലൂടെയല്ലാതെ കാഷ്മീർ വിഷയത്തിനു പരിഹാരം കാണാൻ കഴിയില്ലെന്ന കേന്ദ്ര സർക്കാരിന്റെ തിരിച്ചറിവാണ് ചർച്ചകൾക്കു പിന്നിലെന്ന് നയതന്ത്രരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ട്രാക് 2 നയതന്ത്രത്തിൽ പരിധികൾ കൽപ്പിക്കുന്നില്ല എന്നതും സർക്കാരിനെ ഇത്തരം ചർച്ചകൾക്കു പ്രേരിപ്പിക്കുന്നു.