അസാധാരണ നടപടി യെഡ്യൂരപ്പയുടെ സത്യപ്രതിജ്ഞ ഇന്ന്
ഡൽഹി :അസാധാരണ നടപടിക്കൊടുവില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ആറാം നമ്പര്‍ കോടതിയില്‍ ജസ്റ്റിസ് സിക്രിയുടെ നേതൃത്വത്തില്‍ ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എസ് എ ബോബ്‌ഡെ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് വാദം കേട്ടത്.
ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന ന്യായം പറഞ്ഞ് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയെ ക്ഷണിച്ച കര്‍ണാടക ഗവര്‍ണര്‍ വജുഭായ്ബി വാലയുടെ നടപടി ജനാധിപത്യവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപീച്ചത്. രാത്രി പത്തരയോടെ ചീഫ് ജസ്റ്റിസിനെ നേരിട്ടുകണ്ടശേഷം കോണ്‍ഗ്രസ് നേതാക്കള്‍ ഹര്‍ജി സുപ്രിംകോടതി രജിസ്ട്രാര്‍ക്ക് കൈമാറുകയായിരുന്നു.
തുടര്‍ന്ന് അസിസ്റ്റന്റ് രജിസ്ട്രാറും സുപ്രീംകോടതിയിലെ ഉന്നത ഉദ്യോഗസ്ഥരും ചീഫ് ജസ്റ്റിസിന്റെ വസതിയിലെത്തി. സെക്രട്ടറി ജനറല്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചശേഷമാണ് അടിയന്തര പ്രധാന്യത്തോടെ ഹര്‍ജി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് തീരുമാനിച്ചത്.
ഹര്‍ജിയില്‍ വാദം കേള്‍ക്കുമെന്ന തീരുമാനം പുറത്തുവന്നതോടെ കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന അഭിഭാഷകരും ബിജെപിക്കുവേണ്ടി തുഷാര്‍ മെഹ്തയും കോടതിയിലെത്തി.
ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് ബി എസ് യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത്. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗിയില്‍നിന്ന് നിയമോപദേശം തേടിയശേഷമായിരുന്നു നടപടി.
വ്യാഴാഴ്ച രാവിലെ ഒമ്പതിനാണ് സത്യപ്രതിജ്ഞാചടങ്ങ് നിശ്ചയിച്ചത്. ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം സമയം നല്‍കി. ഗവര്‍ണറുടെ ഈ നടപടി കുതിരക്കച്ചവടത്തിന് അവസരമൊരുക്കാനാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ജെഡിഎസും ബിജെപിയും ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു. ഇരു കക്ഷികളും ഒരുപോലെ അവകാശവാദം ഉന്നയിച്ച സാഹചര്യത്തിലാണ് മുകുള്‍ റോഹ്ത്തഗിയോട് നിയമോപദേശം തേടിയത്. തുടര്‍ന്ന് രാത്രി എട്ടരയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ യെദ്യൂരപ്പയെ ഗവര്‍ണര്‍ ക്ഷണിക്കുകയായിരുന്നു.