ആലപ്പുഴയിൽ പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ വിഷം കൊടുത്തു കൊന്ന കേസിൽ അമ്മയ്ക്ക് ജീവപര്യന്തം തടവ്

2011 ജനുവരി ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം.

0

ആലപ്പുഴയിൽ പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ വിഷം കൊടുത്തു കൊന്ന കേസിൽ അമ്മയ്ക്ക് ജീവപര്യന്തം തടവ്. കറ്റാനം ഭരണിക്കാവ് സ്വദേശി ദീപയെയാണ് ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

2011 ജനുവരി ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം. പത്ത് മാസം പ്രായമുള്ള മകൻ ഹരിനന്ദനെയാണ് ദീപ വിഷം കൊടുത്തു കൊന്നത്. കേസ് അന്വേഷിച്ച മാവേലിക്കര പൊലീസിന് മുന്നിൽ ദീപ കുറ്റം സമ്മതിക്കുകയായിരുന്നു. പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത് പ്രകാരം വീട്ടിലെ ലാൻഡ് ഫോൺ ബിൽ കൂടിയതിന്റെ അടിസ്ഥാനത്തിൽ ഭർത്താവ് പ്രകാശ് നടത്തിയ അന്വേഷണത്തിൽ ദീപയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ഇതേതുടർന്ന് ഇരുവരും വഴക്കിടുകയും ഒരുമിച്ച് താമസിക്കാനാകില്ലെന്നും ദീപയെ കൂട്ടിക്കൊണ്ടുപോകണമെന്നും പ്രകാശ്, ദീപയുടെ വീട്ടുകാരെ അറിയിച്ചു. തുടർന്ന് ബന്ധുക്കൾക്കൊപ്പം സ്വന്തം വീട്ടിലേക്ക് പോയ ദീപ, അന്ന് രാത്രി തന്നെ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദീപ പിന്നീട് രക്ഷപ്പെട്ടു. ഇതിന് പിന്നാലെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് പ്രകാശ് മാവേലിക്കര പൊലീസിൽ പരാതി നൽകിയത്. വഴിവിട്ട ബന്ധം ഭർത്താവ് കണ്ടുപിടിച്ചതും, കുടുംബബന്ധം തകർന്നതിൽ മനംനൊന്തുമാണ് ദീപ കൃത്യം നടത്തിയെന്ന പൊലീസ് കണ്ടെത്തൽ കോടതി ശരിവച്ചുകൊണ്ടാണ് ദീപയ്ക്ക് ജീവപര്യന്തം തടവ് വിധിച്ചത്.

You might also like

-