അഭിമന്യുവിന്റെ കൊലപാതകം: ആദിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
ആലുവ സ്വദേശിയും ക്യാംപസ് ഫ്രണ്ട് ജില്ലാക്കമ്മിറ്റി അംഗവുമായ ആദിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആളാണ്. ഇന്നലെ ഉച്ചക്ക് ശേഷമാണ് ആദിലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.
കൊച്ചി : അഭിമന്യുവിന്റെ കൊലപാതകക്കേസില്‍ അറസ്റ്റിലായ ആദിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആലുവ സ്വദേശിയും ക്യാംപസ് ഫ്രണ്ട് ജില്ലാക്കമ്മിറ്റി അംഗവുമായ ആദിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആളാണ്. ഇയാളിൽ നിന്നും നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റിന് സാധ്യത ഉണ്ടെന്നുമാണ് പൊലീസ് പറയുന്നത്.
എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഉച്ചയോടെയാണ് ആദിലിനെ ഹാജരാക്കുക. ഇന്നലെ ഉച്ചക്ക് ശേഷമാണ് ആദിലിന്റെ അറസ്റ്റ് എറണാകുളം സെൻട്രൽ പൊലീസ് രേഖപ്പെടുത്തിയത്. ക്യാംപസ് ഫ്രണ്ട് ജില്ലാക്കമ്മിറ്റിയംഗമായ ഇയാൾ അവസാനവർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ്. കണ്ണൂരിൽ നിന്നുമാണ് ഇയാൾ പിടിയിലായത്.
കൃത്യത്തിലെ ഗൂഢാലോചനയില്‍ ആദിലിന് പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അക്രമണത്തിന് തയ്യാറായി ആയുധങ്ങളുമായാണ് എത്തിയതെന്ന് ആദില്‍ മൊഴി നല്‍കിയെന്നും പൊലീസ് പറയുന്നു. ആദിലിനെ വിശദമായി ചോദ്യം ചെയ്തതിലൂടെ നിർണ്ണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റുകളും കസ്റ്റഡികളും ഉണ്ടായേക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
നേരത്തെ സംഭവദിവസം തന്നെ കൃത്യത്തില്‍ പങ്കെടുത്ത 3 പ്രതികളെ എസ്എഫ്ഐ പ്രവര്‍ത്തകരാണ് പിടികൂടി പൊലീസിന് കൈമാറിയത്. കൊലയാളികളെ സഹായിച്ച ആറ് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാണ്. പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ ഓഫീസുകളിലും പ്രവര്‍ത്തരുടെ വീടുകളിലും പൊലീസ് വ്യാപക റെയ്ഡ് നടത്തുന്നുണ്ട്