അഭയം തേടി അമേരിക്കയിലെത്തിയവരെ തിരിച്ചയ്ക്കാം: യുഎസ് സുപ്രീം കോടതി
അമേരിക്കയില്‍ അഭയം തേടിയെത്തിയ ചിലരെ തിരിച്ചയക്കുന്നതിന് ട്രംപ് ഭരണ കൂടത്തിന് സുപ്രീം കോടതിയുടെ പച്ചകൊടി.
വാഷിങ്ടന്‍ : അമേരിക്കയില്‍ അഭയം തേടിയെത്തിയ ചിലരെ തിരിച്ചയക്കുന്നതിന് ട്രംപ് ഭരണ കൂടത്തിന് സുപ്രീം കോടതിയുടെ പച്ചകൊടി.
ഫെഡറല്‍ കോടതിയില്‍ കൂടുതല്‍ സഹായത്തിന് അപേക്ഷിക്കുന്നതില്‍ നിന്നും അവരെ തടയുന്നതിനും ഫെഡറല്‍ ജഡ്ജിയുടെ ചേംബറില്‍ കേസ്സെടുക്കുന്നതിനു മുന്‍പ് ഇവരെ തിരിച്ചയ്ക്കുന്നതിനുമാണ് സുപ്രീം കോടതി അനുമതി നല്‍കിയിരിക്കുന്നത്.
ഒമ്പതംഗ ബഞ്ചില്‍ 7 പേര്‍ അനുകൂലമായി വിധിയെഴുതിയപ്പോള്‍ 2 പേര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.ശ്രീലങ്കയില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടൊരാള്‍ അവിടെ പീഡനം സഹിക്ക വയ്യാതെയാണ് അമേരിക്കയിലേക്ക് അഭയം തേടിയെത്തിയതെന്ന് തെളിയിക്കുന്നതില്‍ പരാജയപ്പെട്ടു. മെക്‌സിക്കോ അതിര്‍ത്തിയിലൂടെ അമേരിക്കയില്‍ നുഴഞ്ഞു കയറിയ ഇയാള്‍ക്കനുകൂലമായി നേരത്തെ ലോവര്‍ കോടതി വിധി പുറപ്പെടുവിച്ചിരുന്നു.
ഈ വിധി ഹൈ– കോര്‍ട്ട് മാറ്റിയെഴുതുകയാണെന്ന് ജസ്റ്റിസ് സാമുവല്‍ അലിറ്റൊ വിധിച്ചു. വിജയകുമാര്‍ തുറസ്സിംഗം എന്നയാളെ ഉടനെ തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഇവിടെ അഭയം തേടിയെത്തിയ നാലില്‍ മൂന്നു ഭാഗവും പ്രാഥമിക സ്ക്രീന്‍ ടെസ്റ്റില്‍ വിജയിച്ചിട്ടുണ്ടെന്നും എന്നാല്‍ വിജയകുമാറിന് അതിനു കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മെക്‌സിക്കൊ– അമേരിക്കാ അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറിയവര്‍ ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ അവരെ കയറ്റി അയക്കുക എന്നതാണ് ഈ വിധി മുന്നറിയിപ്പ് നല്‍കുന്നത്.