അപൂര്‍വ വൈറസ്(നിപ്പ) പടരുന്നു : 25 പേർ നിരീക്ഷണത്തിൽ, ആറു പേര് ഗുരുതരാവസ്ഥയില്‍
അതിമാരക നിപ്പ വയറസ്സ് കോഴിക്കോട് മേഖലയിൽ പടരുന്നു കേരളം ആശങ്കയിൽ
പന്തിരിക്കര വൈറസ് പനിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കോഴിക്കോട് ടാസ്ക് ഫോഴ്സും കണ്ട്രോള് റൂമും പ്രവര്‍ത്തനം ആരംഭിച്ചു. പക്ഷികള്‍ കടിച്ച പഴങ്ങള്‍ ഭക്ഷിക്കരുതെന്ന് മുന്നറിയിപ്പ് നല്കി. സോഷ്യല്‍ മീഡിയ വഴി നടക്കുന്ന പ്രചാരണങ്ങള്‍ തെറ്റാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
കോഴിക്കോട്: പേരാമ്പ്രയിൽ പനി ബാധിച്ച് ഒരു കുടുംബത്തിലെ മുന്നുപേർ മരിച്ചതിനു പിന്നാലെ, 25 പേര്‍ക്കുകൂടി പനി ബാധിച്ചതായി സംശയം.ഇവരിൽ ആറു പേരുടെ നില ഗുരുതരമാണ്. പനി ബാധിച്ചവർ നിരീക്ഷണത്തിലാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ കൂടുതൽ വെന്റിലേറ്ററുകൾ സ്ഥാപിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജിൽ ആറു പേരും രണ്ടുപേർ കോഴിക്കോട്ടെയും കൊച്ചിയിലെയും സ്വകാര്യ ആശുപത്രികളിലുമാണ് പനി ബാധിച്ചവർ ചികിത്സയിലുള്ളത്. ഇവരിൽ അഞ്ചുപേർ ഒരേ പ്രദേശത്തുനിന്നുള്ളവരാണ്.
സംസ്ഥാനത്ത് ആദ്യമാണ് ഇത്തരം വൈറസ്ബാധ കണ്ടെത്തിയത്. നിപാ വൈറസാണ് രോഗകാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും അക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തലച്ചോറിനെ ബാധിക്കുന്ന പ്രത്യേകതരം വൈറസാണിത്. മണിപ്പാലിലെ കെഎംസി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കയച്ച രക്തസാന്പിളുകളുടെ അന്തിമപരിശോധനാ ഫലം അറിഞ്ഞാലേ രോഗത്തപ്പറ്റി സ്ഥിരീകരണം നടത്താനാകൂവെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചത്.
അതേസമയം, പേരാമ്പ്രയിൽ പനിമരണത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞിരുന്നു. അപൂർവ വൈറസ് ബാധ കണ്ടെത്തിയ സ്ഥലത്ത് പ്രത്യേക മെഡിക്കൽ സംഘം ക്യാന്പ് ചെയ്യുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തരുതെന്നും മന്ത്രി അറിയിച്ചു. പനി പ്രതിരോധിക്കാൻ ജില്ലാതല ടാസ്ക് ഫോഴ്സ് രൂപവത്കരിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനമായിരുന്നു.