അതിരുവിട്ട ജന്മ ദിനാഘോഷം മലപ്പുറത്തും ; വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട് പീഡിപ്പിച്ചു
ആഘോഷത്തിന്‍റെ പേരിൽ വിദ്യാർത്ഥികൾ സഹപാഠിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു. മലപ്പുറം വാഴക്കാട് ഗവൺമെന്‍റ് ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളാണ് സഹപാഠിയെ സ്കൂൾ ഗേറ്റിലാണ് കൈകൾ കെട്ടിയിട്ട് പീഡിപ്പിച്ചത്.
അടുത്തിടെ തൊടുപുഴ അൽ അസ്ഹർ കോളേജിൽ വിദ്യാർത്ഥികൾ ജന്മ ദിനാഘോഷത്തിന്റെ പേരിൽ ഒരു വിദ്യാർത്ഥിയെ അപമാനിച്ച സംഭവം വിവാദമായിരിക്കെയാണ് ഈ അടുത്ത സംഭവം കൂടി പുറത്തു വന്നിരിക്കുന്നത് .
മലപ്പുറം വാഴക്കാട് ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ സഹപാഠിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്. കൈകൾ മൈതാനത്തിന്‍റെ ഗേറ്റിൽ കെട്ടിയിട്ട് തലയിലൂടെ കുമ്മായവും കളറും ഒഴിക്കുന്നു. കഴിഞ്ഞ ദിവസമാണ് ഈ ക്രൂരവിനോദം നടന്നത്. തുടർന്ന് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു.
പീഡനമേറ്റ വിദ്യാർത്ഥിയുടെ ജന്മദിനം ആഘോഷിച്ചതാണ് എന്നാണ് സ്കൂളിന്‍റെ വാദം. സംഭവം വിവാദമായതോടെ പിടിഎ ചേർന്ന് വിദ്യാർത്ഥികൾക്കെതിരെ നടപടി എടുക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ക്രൂരമായ സംഭവമാണ് നടന്നതെന്നും വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.