സിറിയയില്‍ രാസായുധ പ്രയോഗം സിറിയയില്‍ മരിച്ചത് 185 കുട്ടികളടക്കം 340 പേർ

0

വിമതസേനയുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഘൌത്തയില്‍ സിറിയന്‍ സേന രാസായുധ പ്രയോഗം നടത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 25ന് നടന്ന സംഭവത്തിന്റേതെന്ന് കരുതുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. രണ്ടാഴ്ചയില്‍ സിറിയയില്‍ മരിച്ചത് 185 കുട്ടികളടക്കം 340 പേരാണ്.

കഴിഞ്ഞ ദിവസം ഉണ്ടായ രാസായുധ പ്രയോഗത്തില്‍ ഒരു കുട്ടി കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയുമാണ് ചെയ്തത്. ആക്രമണത്തെക്കുറിച്ച് ഹേഗ് ആസ്ഥാനമായുള്ള രാജ്യാന്തര നിരീക്ഷണ സംഘടന ഓര്‍ഗനൈസേഷന്‍സ് ഓഫ് കെമിക്കല്‍ വെപ്പണ്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിറിയയിലെ തെക്കന്‍ ജില്ലയായ ഘൌത്തയില്‍ രണ്ടാഴ്ചയായി തുടരുന്ന യുദ്ധത്തില്‍ 340 മരണം സംഭവിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 561 പേര്‍ കൊല്ലപ്പെട്ട് സ്വതന്ത്ര്യ അന്വേഷണ ഏജന്‍സിയായ സിറിയന്‍ ഒബ്സര്‍വേറ്ററി ഓഫ് ഹ്യൂമണ്‍ റൈറ്റ്സും കണക്കാക്കുന്നു. ഇതില്‍ 185പേര്‍ കുട്ടികളും 109 സ്ത്രീകളുമാണ്.

ഫെബ്രുവരി പത്തൊന്‍പതാം തീയതി റഷ്യന്‍ യുദ്ധവിമാനങ്ങളുടെ സഹായത്തോടെ സിറിയന്‍ സേന തുടങ്ങിവെച്ച യുദ്ധം ദിവസങ്ങള്‍ക്കുള്ളില്‍ നൂറ് കണക്കിന് പേരെ കൊല്ലുകയും ലക്ഷങ്ങളുടെ വീട് ഇല്ലാതാക്കുകയും ചെയ്തു. പ്രദേശത്തെ ആറോളം ആശുപത്രികളാണ് വ്യോമാക്രമണത്തില്‍ തകര്‍ന്നത്. യുദ്ധക്കുറ്റം എന്നാണ് ആനംസ്റ്റി ഇന്റര്‍നാഷണല്‍ ഇതിനെ വിശേഷിപ്പിച്ചത്. ജൈവായുധമായി ക്ലോറിന്‍ഗ്യാസിന്റെ ഉപയോഗം നടന്നിട്ടുണ്ടെന്ന ആരോപണം നിഷേധിച്ച് റഷ്യ രംഗത്തെത്തിയിട്ടുണ്ട്. കെട്ടുകഥകള്‍ മാത്രമാണെന്ന് സെര്‍ജി ലാവ്‍റോവ് പ്രതികരിച്ചു. എന്നാല്‍ സാധാരണക്കാര്‍ക്ക് മേല്‍ രാസായുധ പ്രയോഗം നടത്തുന്നുണ്ടെന്ന് തെളിഞ്ഞാല്‍ അമേരിക്കക്കൊപ്പം ചേര്‍ന്ന് സിറിയന്‍ സൈന്യത്തെ ആക്രമിക്കുമെന്ന് ബ്രിട്ടനും വ്യക്തമാക്കിയിട്ടുണ്ട്.

You might also like

-