വീണ്ടും സോളാർ ? സർക്കാർ ഓഫീസുകളുടെ മേൽക്കൂരകൾ ഇനി വൈദുതിഉദ്പാതക കേന്ദ്രങ്ങൾ

0

കൊച്ചി: സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മേല്‍ക്കൂര ഉപയോഗപ്പെടുത്തി സൗരോര്‍ജം ഉത്പ്പാദിപ്പിക്കുന്ന പദ്ധതിക്ക് ഈ വര്‍ഷം തുടക്കമാകും. ഒരു കിലോവാട്ടിന് 72,000 രൂപ എന്ന നിരക്കില്‍ 10.65 കോടിയാണ് പദ്ധതി നടത്തിപ്പിന് ചിലവ് കണക്കാക്കുന്നത്. ഇതിന്റെ ആദ്യ ഗഡുവായി 5.16 കോടി രൂപ അനര്‍ട് വൈദ്യുതി ബോര്‍ഡിന് കൈമാറി.ആദ്യ ഘട്ടമെന്നനിലയില്‍ ഒന്‍പത് കളക്ടറേറ്റുകളുടെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെയും മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനാണ് അനര്‍ട് ഉദ്ദേശിക്കുന്നത്.
വര്‍ഷം 21 ലക്ഷം യൂണിറ്റ് വൈദ്യുതി ലക്ഷ്യമിടുന്ന പദ്ധതി കെഎസ്ഇബി മുഖേന അനര്‍ട് നടപ്പിലാക്കും. എല്ലാ കളക്ടറേറ്റുകളിലും 100 കിലോവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കാനായിരുന്നു തീരുമാനം എങ്കിലും അനുയോജ്യമായ മേല്‍ക്കൂരകള്‍ ഉള്ളത് ഒന്‍പത് കളക്ടറേറ്റുകള്‍ക്കു മാത്രമാണ്. ഇതില്‍ തന്നെ 100 കിലോവാട്ടിനുള്ള പാനലുകള്‍ സ്‌ഥാപിക്കാനുള്ള സൗകര്യം കോഴിക്കോട് മാത്രമാണുള്ളത്.
ഒരു കിലോവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കാന്‍ പത്തു ചതുരശ്ര വിസ്തീര്‍ണം ആവശ്യമാണ്. മലപ്പുറത്ത് 80, തിരുവനന്തപുരത്തും പത്തനംതിട്ടയിലും 50 വീതം, ആലപ്പുഴയില്‍ 25, കൊല്ലം, ഇടുക്കി, പാലക്കാട് എന്നിവിടങ്ങളില്‍ 20 വീതം, വയനാട് 15 എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്ന ഉത്പ്പാദന ശേഷി. മറ്റു പല കളക്ടറേറ്റുകളിലും ആസ്ബറ്റോസ് ഷീറ്റിന്റെ മേല്‍ക്കൂര ആയതിനാലാണ് സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ സാധിക്കാത്തത്‌.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 1100 കിലോവാട്ട് ഉത്പ്പാദന ശേഷിയുള്ള പാനലുകള്‍ സ്ഥാപിക്കും. അടുത്ത ഘട്ടത്തില്‍ പഞ്ചായത്തുകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പാനലുകള്‍ സ്ഥാപിക്കാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. ടെന്‍ഡര്‍ നടപടികള്‍ വൈകിയേക്കാം എന്നതിനാല്‍ വൈദ്യുതി ബോര്‍ഡ് ആയിരിക്കും പാനലുകള്‍ സ്ഥാപിക്കുക എന്ന് അനര്‍ട് അധികൃതര്‍ അറിയിച്ചു.

You might also like

-