റേഡിയോ ജോക്കിയുടെ കൊലപാതകം; കൊലയാളി സംഘാംഗം അറസ്റ്റില്‍

0

റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയായ സ്ഫടികം സ്വാതി എന്ന സ്വാതി സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

കൊലപാതക സംഘത്തിന് ആയുധം എത്തിച്ചുകൊടുക്കുകയും പ്രതികളെ സഹായിക്കുകയും ചെയ്ത വ്യക്തികൂടിയാണ് സ്വാതി സന്തോഷ്.

അതേസമയം കൊലപാതകത്തിലെ ക്വട്ടേഷസംഘാംഗമായ കരുനാഗപ്പള്ളി സ്വദേശി ഷന്‍സീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ കൊടുത്തുവെന്ന് പൊലീസ് സംശയിക്കുന്ന ഖത്തറിലെ വ്യവസായികൂടിയായ സത്താറിനെ ഈ ആ‍ഴ്ച നാട്ടിലെത്തിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തുന്നതിനായി എത്തിയ ക്വട്ടേഷന്‍ സംഘത്തിന് ആയുധം എത്തിച്ചുകൊടുക്കുകയും കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയാവുകയും ചെയ്ത കൊല്ലം സ്വദേശി സ്ഫടികം സ്വാതി എന്ന സ്വാതി സന്തോഷിനെയാണ് പൊലീസ് അറസ്റ്റ്ചെയ്തത്.

പ്രതികള്‍ക്ക് ബംഗലുരുവില്‍ നിന്ന് കൊല്ലത്തേക്കും തിരികെയും റെന്‍റ് എ കാര്‍ വാഹനം എടുത്തു നല്‍കിയത് സ്വാതി സന്തോഷാണ്. നാലു വാളുകള്‍ സന്തോഷ് ക്വട്ടേഷന്‍ സംഘത്തിന് വാങ്ങികൊടുത്തു.കൂടാതെ പ്രതികള്‍ രാജേഷിനെ തേടി പുറപ്പെടുമ്പോ‍ഴെല്ലാം അവര്‍ക്ക് സഹായം പകര്‍ന്ന് സ്വാതി സന്തോഷ് ഒപ്പമുണ്ടായിരുന്നു.

രാജേഷിന്‍റെ പ്രോഗ്രാം എവിടെയാണ്. പ്രോഗ്രാം ക‍ഴിഞ്ഞ് രാജേഷ് എവിടേയ്ക്കാണ് എത്തിച്ചേരുക. തുടങ്ങിയ കാര്യങ്ങള്‍ രാജേഷിന്‍റെ സുഹൃത്തുക്കളില്‍ നിന്ന് ശേഖരിച്ച് ക്വട്ടേഷന്‍ സംഘത്തിന് കൈമാറുന്ന ദൗത്യവും സ്വാതി സന്തോഷ് ഭംഗിയായി നിര്‍വ്വഹിച്ചുവെന്നും സന്തോഷ് ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.

ഇത് ആദ്യമായാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയാകുന്ന ഒരാളെ പൊലീസ് അറസ്റ്റുചെയ്യുന്നത്. ഗൂഢാലോചനയില്‍ പങ്കെടുക്കുക, ആയുധം ഒളിപ്പിക്കുക, കൊലപാതകികള്‍ക്ക് താവളം ഒരുക്കല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചെയ്ത കൊല്ലം സ്വദേശി സനു,ഓച്ചിറ സ്വദേശി യാസിര്‍ അബൂബക്കര്‍ എന്നിവരാണ് പൊലീസ് അറസ്റ്റ്ചെയ്ത മറ്റ് രണ്ട്പേര്‍.

ഇതിനിടെ ക്വട്ടേഷന്‍ സംഘാംഗം കരുനാഗപ്പളളി സ്വദേശി ഷന്‍സീറിനെയും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഷന്‍സീറിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കിളിമാനൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വ്യക്തമാക്കി. രാജേഷിനെ കൊലപ്പെടുത്താന്‍ കാറിലെത്തിയ നാലുപേരില്‍ ഒരാളാണ് ഷന്‍സീര്‍.

അതേസമയം രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ കൊടുത്തുവെന്ന് പൊലീസ് സംശയിക്കുന്ന ഖത്തറിലെ വ്യവസായികൂടിയായ സത്താറിനെ ഈ ആ‍ഴ്ച നാട്ടിലെത്തിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.

You might also like

-