കര്‍ണാടകയില്‍ പ്രചാരണത്തിനായി ഉമ്മന്‍ചാണ്ടിയെത്തി

0

ബംഗളൂരു:കര്‍ണാടകയില്‍ കോണ്‍ഗ്രസ് പ്രചാരണത്തിനായി ഉമ്മന്‍ചാണ്ടിയെത്തി. ഇന്ന് ബംഗളൂരുവിലെത്തിയ ഉമ്മന്‍ചാണ്ടി മലയാളി വോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലങ്ങളിലാണ് പ്രചാരണം നടത്തിയത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സമനില തെറ്റിയ പോലെയാണ് സംസാരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസം മംഗലാപുരത്ത് പ്രചാരണം നടത്തിയ ശേഷമാണ് ഉമ്മന്‍ചാണ്ടി ബംഗളൂരുവിലെത്തിയത്. ദാസറഹള്ളി മണ്ഡലത്തിലായിരുന്നു ആദ്യ പ്രചാരണം. ദാസറഹള്ളിയിലെ അയ്യപ്പ ക്ഷേത്രത്തിന് സമീപം മലയാളികളായ വോട്ടര്‍മാര്‍ക്കിടയില്‍ ഉമ്മന്‍ചാണ്ടി പ്രചാരണം നടത്തി. ശേഷം കെപിസിസി ആസ്ഥാനത്തെത്തിയ ഉമ്മന്‍ചാണ്ടിയെ കര്‍ണാടക സംസ്ഥാന നേതാക്കള്‍ സ്വീകരിച്ചു. തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട മുന്‍ മുഖ്യമന്ത്രി, സംസ്ഥാനത്ത് കോണ്‍ഗ്രസ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും ഭരണത്തുടര്‍ച്ച ഉറപ്പാണെന്നും പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അക്രമിക്കുന്ന മോദിയുടെ സമനില തെറ്റിയിരിക്കുകയാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. തുടര്‍ന്ന് സി വി രാമന്‍ നഗര്‍ മണ്ഡലത്തില്‍ നടന്ന പ്രചാരണ യോഗത്തില്‍ പങ്കെടുത്തു. മണ്ഡലത്തില്‍ റോഡ് ഷോയും ഉണ്ടായിരുന്നു. നാളെയും നഗരത്തിലെ വിവിധ മണ്ഡലങ്ങളില്‍ ഉമ്മന്‍ചാണ്ടി പ്രചാരണം നടത്തും.

You might also like

-