ഇന്ത്യയിൽ 1700 ജനപ്രതിനിധികൾ ക്രിമിനലുകൾ?

0

 

ന്യൂഡല്‍ഹി: രാജ്യത്താകെ 3,045 ക്രിമിനല്‍ കേസുകളിലായി 1,700ലധികം ജനപ്രതിനിധികള്‍ കോടതി വിചാരണ നേരിടുന്നുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍.
ഉത്തര്‍ പ്രദേശ്, തമിഴ്‌നാട്, ബീഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം ആദ്യ നാല് സ്ഥാനങ്ങളില്‍. ഉത്തര്‍ പ്രദേശില്‍ ആകെ 248 എംപിമാരും എംഎല്‍എമാരുമാണ് ക്രിമിനല്‍കേസുകളില്‍ നിയമനടപടികള്‍ നേരിടുന്നത്. തമിഴ്‌നാട്ടില്‍ 178 പേരും ബീഹാറില്‍ 144 പേരും വെസ്റ്റ് ബംഗാളില്‍ 139 പേരും നിലവില്‍ കോടതി നടപടികള്‍ക്ക് വിധേയരാകുന്നവരാണ്. നൂറിലധികം ജനപ്രതിനിധികള്‍ ക്രിമിനല്‍ കുറ്റക്കാരായ ആന്ധ്രപ്രദേശ്, കേരളം, തെലുങ്കാന സംസ്ഥാനങ്ങളാണ് തൊട്ടു പിന്നില്‍.
സുപ്രീം കോടതിയുടെ നേരിട്ടുള്ള നിര്‍ദ്ദേശ പ്രകാരം കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. 2014 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തില്‍ 3,816 കേസുകളിലായി 1765 ജനപ്രതിനിധികള്‍ നിയമനടപടികള്‍ നേരിടുന്നവരായിരുന്നു. ഈ മുന്നു വര്‍ഷത്തിനിടെ 771 കേസുകള്‍ കോടതി നടപടികള്‍ പൂര്‍ത്തിയാക്കി തീര്‍പ്പാക്കപ്പെട്ടു.
3,045 കേസുകള്‍ ഇനിയും തീര്‍പ്പാക്കപ്പെടേണ്ടതുണ്ട്. 539 കേസുകളാണ് ഉത്തര്‍ പ്രദേശില്‍ ഇനിയും തീര്‍പ്പാക്കാനുള്ളത്. കേരളത്തില്‍ ജനപ്രതിനിധികള്‍ പ്രതികളായ 373 കേസുകള്‍ തീര്‍പ്പാക്കപ്പെടേണ്ടതുണ്ട്. തമിഴ്‌നാട്ടിലും ബീഹാറിലും പശ്ചിമ ബംഗാളിലും 300 ലധികം കേസുകളാണ് നിലവിലുള്ളത്. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചിന്റെ നിര്‍ദ്ദേശ പ്രകാരം കേന്ദ്ര നിയമ മന്ത്രാലയമാണ് വിവരം കൈമാറിയിരിക്കുന്നത്.

You might also like

-