സീറോ മലബാർ സഭ വ്യാജരേഖ വിവാദം; പ്രതി റിമാൻഡില്‍
സഭാ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ പേരിൽ നിർമിച്ച വ്യാജരേഖ രേഖ ഫാദർ പോൾ തേലക്കാട്ടിന് അയച്ചുകൊടുത്തത് ആദിത്യനാണ്
കൊച്ചി:സീറോ മലബാർ സഭ വ്യാജരേഖ വിവാദത്തിൽ അറസ്റ്റിലായ പ്രതി ആദിത്യനെ റിമാൻഡ് ചെയ്തു. കർദിനാളിനെതിരെ വ്യാജരേഖ ഉണ്ടാക്കിയത് ആദിത്യൻ ആണെന്ന് പോലീസ് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. തേവരയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ വ്യാജരേഖ ഉണ്ടാക്കാൻ ആദിത്യൻ ഉപയോഗിച്ച കമ്പ്യൂട്ടറും പോലീസ് കണ്ടെടുത്തു.സഭാ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ പേരിൽ നിർമിച്ച വ്യാജരേഖ രേഖ ഫാദർ പോൾ തേലക്കാട്ടിന് അയച്ചുകൊടുത്തത് ആദിത്യനാണ്. കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സർവറിൽ നിന്നാണ് തനിക്ക് രേഖ കിട്ടിയതെന്നാണ് ആദിത്യൻ പോലീസ് ആദ്യം നൽകിയ മൊഴി.
മൂന്നു ദിവസം കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്തിട്ടും പോലീസിന് രേഖകളൊന്നും ലഭിച്ചിരുന്നില്ല. ഇതോടെയാണ് ആദ്യം നൽകിയ മൊഴി കണക്കിലെടുക്കാതെ പോലീസ് അന്വേഷണം തുടർന്നത്. തേവരയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ വച്ച് ആദിത്യൻ വ്യാജരേഖ നിർമ്മിക്കുകയായിരുന്നു എന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. രേഖകൾ നിർമ്മിക്കാനും ഇമെയിൽ വഴി അയച്ചുകൊടുക്കാനും ഉപയോഗിച്ച ആദിത്യൻ്റെ കമ്പ്യൂട്ടർ ഇവിടെ നിന്നും പോലീസ് കണ്ടെടുത്തു.
ശനിയാഴ്ച രാത്രി പത്തരയോടെയാണ് ആദിത്യൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഫാദർ ടോണി കല്ലൂക്കാരൻ്റെ നിർദ്ദേശപ്രകാരമാണ് താൻ വ്യാജരേഖ ചമച്ചതെന്നും സമൂഹമധ്യത്തിൽ കർദ്ദിനാളിനെതിരെ വികാരം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നും ആദിത്യൻ പോലീസിന് മൊഴി നൽകി.തൃക്കാക്കര മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. റിമാൻഡ് കാലാവധി തീരുന്നതിനു മുൻപ് കോന്തുരുത്തി സ്വദേശി ആദിത്യനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ സമർപ്പിക്കുമെന്ന് പോലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് മുൻപ് എറണാകുളം അങ്കമാലി അതിരൂപത വികാരി ഫാദർ ടോണി കല്ലൂക്കാരനെ പോലീസ് ചോദ്യം ചെയ്തെങ്കിലും അനുയായികളുടെ പ്രതിഷേധത്തെത്തുടർന്ന് ചോദ്യംചെയ്യൽ പൂർത്തിയാക്കാനാകാതെ പറഞ്ഞയച്ചിരുന്നു. ആദിത്യൻ അറസ്റ്റ് രേഖപ്പെടുത്തി അതോടെ ഫാദർ ടോണി കല്ലൂക്കാരൻ എതിരായ അന്വേഷണം ശക്തമാക്കാനാണ് പൊലീസിൻ്റെ നീക്കം