രാഹുൽ മാങ്കൂട്ടത്തിനെതിരെ യുവതിയുടെ ലൈംഗിക പീഡന പരാതി.യുവതിയുടെ മൊഴി യുടെ എടുക്കും
ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്യുന്നതോടെ അന്വേഷണത്തിന്റെ വേഗത വർദ്ധിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയും അതിലെ തെളിവുകളും കേസിൽ നിർണ്ണായകമാകും
തിരുവനന്തപുരം| യുവതിയുടെ ലൈംഗിക പീഡന പരാതിയെത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഇന്ന് തന്നെ കേസ് രജിസ്റ്റർ ചെയ്യാൻ ക്രൈംബ്രാഞ്ച് നീക്കം സജീവമാക്കി. പരാതി സംബന്ധിച്ച തുടർനടപടികൾ ആലോചിക്കുന്നതിനായി ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി വിവരങ്ങൾ ചർച്ച ചെയ്തു. യുവതിയുടെ മൊഴി ഇന്ന് തന്നെ രേഖപ്പെടുത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. നേരത്തെ സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തതിന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോലീസ് സ്വമേധയാ ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു.
പരാതിക്കാരിയായ യുവതി ഇന്ന് വൈകുന്നേരം 4.15-ഓടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. 4.50-ന് പരാതി രേഖാമൂലം കൈമാറിയ ശേഷം മടങ്ങുകയായിരുന്നു. ആദ്യം ക്ലിഫ് ഹൗസിലേക്ക് പോകാനാണ് യുവതി ശ്രമിച്ചതെങ്കിലും, മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് അവിടേക്ക് എത്തിക്കുകയായിരുന്നു. തെളിവുകൾ ഉൾപ്പെടെയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്യുന്നതോടെ അന്വേഷണത്തിന്റെ വേഗത വർദ്ധിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയും അതിലെ തെളിവുകളും കേസിൽ നിർണ്ണായകമാകും. ഇതോടെ ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമപരമായ കുരുക്ക് മുറുകിയിരിക്കുകയാണ്.
യുവതിയുടെ ലൈംഗിക പീഡന പരാതിക്ക് പിന്നാലെ മുൻകൂർ ജാമ്യത്തിന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നീക്കം തുടങ്ങി. മുൻകൂർ ജാമ്യത്തിനുളള സാധ്യതകളാണ് രാഹുൽ മാങ്കൂട്ടവുമായി ബന്ധപ്പെട്ടവർ പരിശോധിക്കുന്നത്. കൊച്ചിയിലെ ഹൈക്കോടതി അഭിഭാഷകനുമായി ചർച്ച നടത്തിയതായാണ് വിവരം. പരാതിയുടെ പകർപ്പും കേസിന്‍റെ സ്വഭാവവും പരിഗണിച്ചശേഷം തുടർ നടപടി ആലോചിക്കുമെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിക്ക് യുവതി ലൈംഗിക പീഡന പരാതി നൽകിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ MLA യുടെ ഓഫീസ് പൂട്ടിയ നിലയിൽ. ഇന്ന് ഉച്ചവരെ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കൊപ്പം വോട്ട് പിടിക്കാൻ പാലക്കാട് മണ്ഡലത്തിൽ സജീവമായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. പീഡനത്തിന് ഇരയായ യുവതി പരാതി നൽകിയതോടെ രാഹുൽ മാങ്കൂട്ടത്തിൽ എവിടെയെന്ന കാര്യത്തിൽ വ്യക്തതയില്ല.
വൈകുന്നേരം പ്രചാരണത്തിന്റെ ഭാഗമായി എത്തുമെന്ന് പറഞ്ഞ സ്ഥലങ്ങളിൽ രാഹുൽ ഇല്ല. യുവതി പരാതി നൽകിയതിന് പിന്നാലെ ഒരു ഫേസ്ബുക്ക് പോസ്റ്റുമായാണ് എംഎൽഎ രംഗത്തെത്തിയത്. കുറ്റം ചെയ്തിട്ടില്ലെന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നുമാണ് ഫേസ്ബുക്കിലൂടെയുള്ള രാഹുലിന്റെ പ്രതികരണം.