“ഒന്നിക്കാം, സംവദിക്കാം, മുന്നേറാം “ലോകകേരളസഭ സമ്മേളനം ജനുവരി ഒന്നുമുതല്‍ തിരുവനന്തപുരത്ത്

ലോക കേരളസഭയുടെ രണ്ടാംസമ്മേളനത്തിൽ യുഡിഎഫ്‌ അംഗങ്ങൾ പങ്കെടുക്കില്ലെന്ന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല. ലോക കേരളസഭ പ്രവാസികൾക്കോ കേരളത്തിനോ പ്രയോജനമുണ്ടാക്കില്ലെന്ന്‌ അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു

0

തിരുവനന്തപുരം :പ്രവാസി മലയാളികളുടെ പൊതുവേദിയായ ലോക കേരളസഭയുടെ രണ്ടാം സമ്മേളനം ജനുവരി ഒന്നുമുതൽ മൂന്നുവരെ തിരുവനന്തപുരത്ത്‌ ചേരും.‘ഒന്നിക്കാം, സംവദിക്കാം, മുന്നേറാം’ എന്ന മുദ്രാവാക്യവുമായി ചേരുന്ന രണ്ടാം സമ്മേളനത്തിന്റെ പൊതുസമ്മേളനം ഒന്നിന്‌ വൈകിട്ട്‌ അഞ്ചിന്‌ കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ഉദ്‌ഘാടനം ചെയ്യും.

മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനാകും. സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരും ജനപ്രതിനിധികളും പ്രമുഖ പ്രവാസികളും സാഹിത്യകാരന്മാരും പങ്കെടുക്കും.രണ്ടിന്‌ രാവിലെ ഒമ്പതിന്‌ നിയമസഭാ സമുച്ചയത്തിലെ സ്ഥിരംവേദിയിൽ സമ്മേളനത്തിന്‌ തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ അധ്യക്ഷനാകും. ലോക കേരളസഭ സമീപന രേഖ മുഖ്യമന്ത്രി അവതരിപ്പിക്കും.

ലോക കേരളസഭയുടെ രണ്ടാം സമ്മേളനത്തിൽ 178 പ്രവാസി പ്രതിനിധികൾ പങ്കെടുക്കുമെന്ന്‌ സ്പീക്കർ പി ശ്രീരാമകൃഷ്‌ണൻ അറിയിച്ചു. 351 അംഗ സഭയിൽ 173 പേർ കേരളത്തിലെ മന്ത്രിമാർ, എംഎൽഎമാർ, പാർലമെന്റ്‌ അംഗങ്ങൾ എന്നിവർ ഉൾപ്പെടുന്ന ജനപ്രതിനിധികളാണ്‌.ജിസിസി (ഗൾഫ്), സാർക്ക്, ആഫ്രിക്ക, യൂറോപ്പ്, സൗത്ത്‌ ഈസ്റ്റ് ഏഷ്യ, ഏഷ്യ, അമേരിക്ക, ക്യാനഡ, മറ്റ്‌ രാജ്യങ്ങളടക്കം എല്ലാ ഭൂഖണ്ഡങ്ങളിൽനിന്നുമുള്ള 47 രാജ്യങ്ങളിലെ പ്രവാസി മലയാളികളുടെ പ്രതിനിധികളാണ്‌ നൂറോളം പേർ.

21 ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള 42ഉം പ്രവാസം കഴിഞ്ഞെത്തിയ ആറു പ്രതിനിധികളും വിവിധ മേഖലയിലെ 30 പ്രമുഖരും അടങ്ങുന്നതാണ്‌ പ്രവാസി പ്രാതിനിധ്യം. ഇവർക്കുപുറമെ പ്രത്യേക ക്ഷണിതാക്കളുമുണ്ടാകുമെന്നും സ്‌പീക്കർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രഥമ ലോക കേരളസഭയിൽ ഇന്ത്യ ഉൾപ്പെടെ 28 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്.

അതേസമയം ലോക കേരളസഭയുടെ രണ്ടാംസമ്മേളനത്തിൽ യുഡിഎഫ്‌ അംഗങ്ങൾ പങ്കെടുക്കില്ലെന്ന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല. ലോക കേരളസഭ പ്രവാസികൾക്കോ കേരളത്തിനോ പ്രയോജനമുണ്ടാക്കില്ലെന്ന്‌ അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ പങ്കെടുക്കും. കെപിസിസി പ്രസിഡന്റ്‌ പങ്കെടുക്കുമോ എന്ന ചോദ്യത്തിന്‌ സർവകക്ഷി യോഗത്തിൽ പാർടികളുടെ അധ്യക്ഷൻതന്നെ പങ്കെടുക്കണമെന്നില്ലെന്നും പ്രതിനിധിയായി ഒരാൾ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

You might also like

-