തോല്‍വി അറിയാതെ ഇന്ത്യ; വിന്‍ഡീസിനെതിരെ 125 റണ്‍സിന്‍റെ വമ്പന്‍ ജയം

തുടക്കത്തിലെ മുതല്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട കരീബിയന്‍സിനു ഒരിക്കല്‍ പോലും കരകയറാന്‍ സാധിച്ചില്ല

0

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ തോല്‍വിയറിയാതെ ഇന്ത്യ. വെസ്റ്റിന്‍ഡീസിനെതിരെ 125 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. 269 റണ്‍സ് പിന്തുടര്‍ന്ന വിന്‍ഡീസിന് 34.2 ഓവറില്‍ 143 റണ്‍സെടുത്ത് ദയനീയ തോല്‍വി. തുടക്കത്തിലെ മുതല്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട കരീബിയന്‍സിനു ഒരിക്കല്‍ പോലും കരകയറാന്‍ സാധിച്ചില്ല. ഇതേ അവസ്ഥ ഇന്ത്യ തുടക്കത്തിലേ നേരിട്ടെങ്കിലും വിരാത് കോലി (72), എം എസ് ധോണി (56), കെ എല്‍ രാഹുല്‍ (48), ഹാര്‍ദ്ദിക് പാണ്ഡ്യ (46) എന്നിവര്‍ ഇന്ത്യയെ 268 എന്ന സ്കോറിലെത്തിച്ചു. റൺ അടിസ്ഥാനത്തിൽ ഈ ലോകകപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണിത്.

ആറ് റണ്‍സെടുത്ത ക്രിസ് ഗെയ്‌ലിനെയാണ് വിന്‍ഡീസിന് ആദ്യം നഷ്ടമായത്. ഷമിയാണ് പുറത്താക്കിയത്. പിന്നാലെ, ഷായ് ഹോപ്പിനെയും ഷമി തന്നെയാണ് മടക്കിയത്. അഞ്ച് റണ്‍സായിരുന്നു ഹോപ്പിന്‍റെ സമ്പാദ്യം. 40 പന്തില്‍ 31 റണ്‍സെടുത്ത സുനില്‍ അമ്പ്രിസ് പുറത്തായി. ഹാര്‍ദ്ദിക് പാണ്ഡ്യയാണ് അമ്പ്രിസിനെ മടക്കിയത്. നിക്കോളാസ് പുരാന്‍ (28), ജേസണ്‍ ഹോള്‍ഡര്‍ (6), ഷിമ്രോന്‍ ഹെട്‌മെയര്‍ (18), ഷെല്‍ഡണ്‍ കോട്രെല്‍ (10), ഒഷേന്‍ തോമസ് (6) എന്നിവര്‍ പുറത്തായി. കാര്‍ലോസ് ബ്രാത്വാള്‍ട് ഒരു റണ്‍ എടുത്തും ഫാബിയാന്‍ അല്ലെന്‍ റണ്‍ എടുക്കാതെയുമാണ് പുറത്തായത്.

Cricket – ICC Cricket World Cup – West Indies v India – Old Trafford, Manchester, Britain – June 27, 2019 India’s Yuzvendra Chahal celebrates with team mates after taking the wicket of West Indies’ Jason Holder Action Images via Reuters/Lee Smith

സ്കോര്‍ 29 നില്‍ക്കെ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ ഇന്ത്യയ്ക്ക് നഷ്ടമായി. 23 പന്തില്‍ 18 റണ്‍സുമായി മുന്നേറിയ രോഹിതിനെ കെമര്‍ റോച്ച് കീപ്പര്‍ ഷായ് ഹോപ്പിന്‍റെ കൈകളിലെത്തിച്ചു.

എന്നാല്‍, പിന്നാലെയെത്തിയ കോലി രാഹുലിനൊപ്പം ചേര്‍ന്ന് സ്കോര്‍ മുന്നോട്ട് കൊണ്ടുപോയി. ഈ കൂട്ടുകെട്ട് അര്‍ധ സെഞ്ചുറിയും കടന്ന് മുന്നേറുന്നതിനിടയിലാണ് വില്ലനായി ഹോള്‍ഡറെത്തിയത്. അര്‍ധ സെഞ്ചുറിക്ക് രണ്ട് റണ്‍ അകലെ രാഹുലിനെ ഹോള്‍ഡര്‍ കൂടാരം കയറ്റി.

കളിയില്‍ കാര്യമായ മാറ്റമുണ്ടാക്കാന്‍ കരുത്തുണ്ടെന്ന് പറഞ്ഞ് കേള്‍വിയുള്ള വിജയ് ശങ്കര്‍ പേരിന്‍റെ മഹിമപോലും കാത്ത് സൂക്ഷിക്കാത്ത പ്രകടനം കാഴ്ചവെച്ചാണ് മടങ്ങിയത്. പിന്നാലെ കേദാര്‍ ജാദവും. വിജയ് ശങ്കര്‍ 14 റണ്‍സും കേദാര്‍ ജാദവ് 7 റണ്‍സുമാണ് ഇന്ത്യയ്ക്ക് സംഭാവന ചെയ്തത്. 72 റണ്‍സ് നേടിയ വിരാത് കോലിയെ ജേസണ്‍ ഹോള്‍ഡര്‍ പുറത്താക്കി. 38 പന്തില്‍ 46 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയെ ഷെല്‍ഡണ്‍ കോട്രെല്ലിന്റെ ബോളില്‍ ഫാബിയാന്‍ അലെന്റെ കൈകളിലെത്തിച്ചു. പിന്നാലെ എത്തിയ മൊഹമ്മദ് ഷമിയെ ഷെല്‍ഡണ്‍ തന്നെ മടക്കിയയച്ചു. അവസാന ഓവറിലാണ് ധോണി അര്‍ദ്ധസെഞ്ചുറി (56) നേടിയത്. രണ്ട് സിക്‌സും ഒരു ഫോറും സഹിതം 16 റണ്‍സാണ് അവസാന ഓവറില്‍ ധോണി നേടിയത്. എം എസ് ധോണിയും കുല്‍ദീപ് യാദവും പുറത്താകാതെ നിന്നു.

ഇന്ത്യന്‍ നിരയില്‍ മുഹമ്മദ് ഷമി 4 വിക്കറ്റുകളും ജസ്പ്രീത് ബുംമ്ര, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ 2 വിക്കറ്റുകളും ഹാര്‍ദ്ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

ലോകകപ്പില്‍ ഇതിന് മുമ്പ് 8 തവണയാണ് ഇന്ത്യയും വിന്‍ഡീസും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. ഇതില്‍ 5 മത്സരങ്ങളില്‍ ജയം ഇന്ത്യക്കായിരുന്നു. 1983 ലോകകപ്പ് ഫൈനലിലെ ജയമാണ് ഇതില്‍ ഏറ്റവും പ്രധാനം.

ഈ ലോകകപ്പില്‍ ഇതുവരെ ഇവിടെ നടന്ന മൂന്നു മല്‍സരങ്ങളിലും ആദ്യം ബാറ്റു ചെയ്ത ടീമാണ് ജയിച്ചത്. ഈ ചരിത്രത്തില്‍ കണ്ണുനട്ടാണ് കോലി ബാറ്റിംഗ് തെരഞ്ഞെടുത്തത്

You might also like

-