എന്തുകൊണ്ട് നേരത്തെ മോൺസണെ കുറിച്ച് അന്വേഷിച്ചില്ല?എന്ത് അടിസ്ഥാനത്തിലാണ് മോന്‍സന് പൊലീസ് സംരക്ഷണം നല്‍കിയത് ? ഹൈക്കോടതി

മോൻസന്റെ വീട്ടിൽ ആനക്കൊമ്പ് കാണുമ്പോള്‍ അതിനെ കുറിച്ച് പൊലീസ് അന്വേഷിക്കണ്ടേ എന്ന് ചോദിച്ച കോടതി എന്തുകൊണ്ട് നേരത്തെ ഇയാളെ കുറിച്ച് അന്വേഷിച്ചില്ല എന്ന് അറിയിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നൽകുകയും ചെയ്തു

0

കൊച്ചി:  പൊലീസ് സംരക്ഷണം നല്‍കുമ്പോള്‍ ഇത്തരക്കാരുടെ വിശ്വാസ്യത കൂടും. മോന്‍സനുമായി അടുപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും സര്‍വീസിലുണ്ട്. പൊലീസുകാര്‍ ഇയാളുടെ വീട്ടില്‍ പോയപ്പോള്‍ എന്തുകൊണ്ട് ഈ നിയമലംഘനങ്ങള്‍ കണ്ടില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.

മോൻസന്റെ വീട്ടിൽ ആനക്കൊമ്പ് കാണുമ്പോള്‍ അതിനെ കുറിച്ച് പൊലീസ് അന്വേഷിക്കണ്ടേ എന്ന് ചോദിച്ച കോടതി എന്തുകൊണ്ട് നേരത്തെ ഇയാളെ കുറിച്ച് അന്വേഷിച്ചില്ല എന്ന് അറിയിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നൽകുകയും ചെയ്തു. ഒട്ടേറെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ആരോപണ വിധേയരായ കേസില്‍ സംസ്ഥാന പൊലീസിന്‍റെ അന്വേഷണം കാര്യക്ഷമമാകുമോയെന്നും കോടതി ചോദിച്ചു. പൊലീസ് പീഡിപ്പിക്കുന്നു എന്നാരോപിച്ച് മോന്‍സന്‍റെ മുന്‍ ഡ്രൈവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍.

അതേസമയം, സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനെ മൂന്ന് ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് പാട്ടത്തിന് നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെന്ന പാലാ സ്വദേശി രാജീവിന്റെ പരാതിയിലുള്ള അന്വേഷണത്തിനാണ് മോൻസണിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയത്.മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്നാണ് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചത്. സ്വന്തം അക്കൗണ്ട് വഴിയല്ല മോൻസൺ ഇടപാടുകൾ നടത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ആര് വഴിയാണ് ഇടപാടുകൾ നടത്തിയത് എന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ട്. അതിനായി മോൻസണെ വിശദമായി ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഈ വാദത്തിന്റെ അടിസ്ഥാനത്തിലാണ് മോൻസണിനെ മൂന്ന് ദിവസത്തേക്ക് കൂടി എറണാകുളം എസിജെഎം കോടതി ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്. മോൻസൻ്റെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. മറ്റുള്ളവരുടെ അക്കൗണ്ട് വഴിയാണ് മോൻസൻ ഇടപാടുകൾ നടത്തിയത്. പണം വന്നതും പോയതുമായ വഴികൾ കണ്ടെത്തേണ്ടതുണ്ട്. മോൻസനെ കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. .

You might also like

-