എവിടെ പോളിങ് ശതമാനം. പോളിങ് ശതമാനം പുറത്തുവിടാത്തതിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കെജ്‌രിവാൾ.
പോളിങ് ശതമാനം പുറത്തുവിടാത്തത് ഞെട്ടലുളവാക്കുന്നുവെന്നു കെജ്‌രിവാൾ ട്വീറ്റ് ചെയ്തു
ഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിൽ അന്തിമ പോളിങ് ശതമാനം പുറത്തുവിടാത്തതിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഞെട്ടലുണ്ടാക്കുന്നുവെന്നു കെജ്‌രിവാൾ പറഞ്ഞു.ഡൽഹിയിൽ വോട്ടെടുപ്പും എക്സിറ്റ് പോൾ പ്രവചനങ്ങളും കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും വോട്ടിംഗ് ശതമാനം പുറത്തുവിടാത്തതിൽ ദുരൂഹതയുണ്ട് വോട്ടിംഗ് മെഷീനിൽ ക്രമക്കേട് നടന്നതായി എഎപിയും ആരോപിച്ചു.
വോട്ടെടുപ്പ് അവസാനിച്ച് 24 മണിക്കൂർ പിന്നിടുമ്പോഴും അന്തിമ പോളിംഗ് ശതമാനം പുറത്തു വിടാത്തതിനെ തുടർന്നാണ് വിമർശനവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രംഗത്ത് വന്നത്. പോളിങ് ശതമാനം പുറത്തുവിടാത്തത് ഞെട്ടലുളവാക്കുന്നുവെന്നു കെജ്‌രിവാൾ ട്വീറ്റ് ചെയ്തു. തിരഞ്ഞെടുപ്പ് അവസാനിച്ച് രാത്രി വൈകി അന്തിമ പോളിങ് ശതമാനം തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തു വിടാറുണ്ട്. എന്നാൽ മണിക്കൂറുകൾ പിന്നിട്ടിട്ടും അനിശ്ചിതത്വം തുടരുന്നതിനെയാണ് കെജ്‌രിവാൾ ചോദ്യം ചെയ്യുന്നത്.
പോളിങ് കുറഞ്ഞതിൽ ആശങ്കപ്പെട്ടിരുന്ന ആം ആദ്മി പാർട്ടി എക്സിറ് പോൾ ഫലങ്ങളെ തുടർന്ന് ആത്മവിശ്വാസത്തിലാണ്. സർക്കാരിന്റെ ജനോപകാര നടപടികൾ വോട്ടായി മാറിയെന്നാണ് വിലയിരുത്തൽ. എന്നാൽ എക്സിറ്റ് പോൾ ഫലത്തിനായി ശേഖരിച്ച ഡാറ്റയിൽ പിഴവുണ്ടെന്നാണ് ബിജെപി വാദം. 4 മണിക്ക് ശേഷമാണ് പ്രവത്തകർ കൂട്ടത്തോടെ വോട്ടു ചെയ്തതെന്ന് ബിജെപി എം. പി മീനാക്ഷി ലേഖി പറഞ്ഞു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ പ്രതീക്ഷയില്ലെന്നു എ.ഐ.സി.സി സെക്രട്ടറി പി.സി ചാക്കോ പറഞ്ഞു.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രം സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമുകൾക്ക് ആം ആദ്മി പ്രവർത്തകർ കാവലിരിക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും അതുണ്ടായില്ല.എങ്കിലും പ്രവർത്തകർ സ്ട്രോങ്ങ് റൂമുകൾ നിരീക്ഷിക്കുന്നുണ്ട്. അതേസമയം ആം ആദ്മി പാർടിക്ക് വൻ വിജയം പ്രഖ്യാപിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങളെ ബിജെപി തള്ളി.
.