സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
തിരുവനതപുരം :സംസ്ഥാനത്തെ ചില ജില്ലകളില്‍ അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.അതിശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് ആലപ്പുഴ, എറണാകുളം, കോഴിക്കോട്, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കി. മലപ്പുറത്ത് നാളെ ഓറഞ്ച് അലര്‍ട്ടുണ്ട് കേരള തീരത്ത് കടലാക്രമണവും രൂക്ഷമാണ്.സംസ്ഥാനത്തു താലൂക്ക് തലം മുതല്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. കേരളതീരത്ത് കടല്‍ പ്രക്ഷുബ്ധമാണ്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലാണ് കാറ്റ് വീശുന്നത്. നാലര മീറ്റര്‍വരെ ഉയര്‍ന്ന തിരമാലയും അനുഭവപ്പെടുന്നുണ്ട്.
കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ നാളെ വരെ കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് വലിയതുറയിലും ശംഖുമുഖത്തും കൊച്ചുതോപ്പിലും കടല്‍ക്ഷോഭം രൂക്ഷമാണ്. കൊല്ലത്ത് കടലില്‍ കാണാതായ തങ്കച്ചരി സ്വദേശി ആഷികിന്‍റെ മൃതദേഹം കണ്ടെത്തി. ഇന്നലെയാണ് ആഷികിനെ കടലില്‍ കാണാതായത്.
ആലപ്പുഴയില്‍ ഒറ്റമശേരി, അമ്പലപ്പുഴ, കാക്കാഴം, ആറാട്ടുപുഴ, പുന്നപ്ര എന്നിവിടങ്ങളിലെല്ലാം കടല്‍ക്ഷോഭം രൂക്ഷമാണ്. കോഴിക്കോടും കടല്‍ക്ഷോഭം ശക്തമാണ്. കടലുണ്ടി, കൊയിലാണ്ടി, ബേപ്പൂര്‍ ഭാഗങ്ങളിലെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.മലപ്പുറം പൊന്നാനിയില്‍ വെളിയംകോട്, പെരുമ്പടപ്പ്, വില്ലേജുകളിലായി അഞ്ച് വീടുകള്‍ പൂര്‍ണമായും പതിനെട്ട് വീടുകള്‍ ഭാഗികമായും തകര്‍ന്നു. പ്രളയസാധ്യതാ പ്രദേശങ്ങളിലുള്ളവര്‍ എമര്‍ജന്‍സി കിറ്റ് കരുതണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മലയോരമേഖലകളിലേക്ക് രാത്രി യാത്ര ഒഴിവാക്കണം, ജലാശയങ്ങളില്‍ ഇറങ്ങരുത്, ബീച്ചുകളിലേക്കും മലയോരമേഖലകളിലേക്കും വിനോദസഞ്ചാരത്തിന് പോകരുത് .
അതേസമയം അടിയന്തര കടലാക്രമണ പ്രതിരോധത്തിന് 22.5 കോടി രൂപ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഒമ്പത് തീരദേശ ജില്ലകളില്ലെ അടിയന്തര കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ 22.5 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് അടിയന്തര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
വിവിധ വകപ്പുകളുടെ ജില്ലാ തലവന്‍മാരെ ഉള്‍പ്പെടുത്തി കലക്ടര്‍മാരുടെ നേതൃത്വത്തില്‍ കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. അതാതിടത്തെ ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി മേല്‍നോട്ടത്തിന് ജനകീയ കമ്മിറ്റിയും രൂപീകരിക്കും.
2018-ലെ പ്രളയത്തില്‍ പൂര്‍ണമായോ ഭാഗികമായോ വീട് തകര്‍ന്നവരില്‍ ഉള്‍പ്പെട്ട കിടപ്പുരോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അധിക ധനസഹായം നല്‍കുന്നതിന് പ്രത്യുത്ഥാനം എന്ന പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പത്തു കോടി രൂപ അനുവദിക്കും. യുഎന്‍ഡിപിയുടെ സഹായം കൂടി ഉപയോഗിച്ചാണ് പ്രളയബാധിത ജില്ലകളില്‍ പദ്ധതി നടപ്പാക്കുക.
വെള്ളപ്പൊക്കത്തിലോ ഉരുള്‍പൊട്ടലിലോ 15 ശതമാനത്തില്‍ കൂടുതല്‍ നാശം നേരിട്ട വീടുകളിലെ കുടുംബങ്ങള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കാന്‍സര്‍ രോഗികളുള്ള കുടുംബങ്ങള്‍, ഡയാലിസിസിന് വിധേയരാകുന്നവര്‍ ഉള്‍പ്പെടുന്ന കുടുംബങ്ങള്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമുള്ള വിധവകള്‍ കുടുംബനാഥര്‍ ആയിട്ടുള്ള കുടുംബങ്ങള്‍ എന്നിവര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
ഓരോ കുടുംബത്തിനും 25,000 രൂപയാണ് (ഒറ്റത്തവണ) അധിക സഹായമായി ലഭിക്കുക. മൊത്തം 7,300 കുടുംബങ്ങള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിലാണ് ഈ അധിക ധനസഹായം.
അലേർട്ട് പ്രഖ്യാപിച്ച ദിവസങ്ങളിൽ പാലിക്കേണ്ട പൊതു നിർദേശങ്ങൾ:
– ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക.
– മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാനൻ സാധ്യതയുണ്ട് എന്നതിനാലൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങളൾ നിർത്തരുത്.
ശക്തമായ മഴക്ക് സാധ്യത; കെെക്കൊള്ളേണ്ട മുന്‍കരുതലുകള്‍
– മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.
– സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ ഒരു കാരണവശാലും പ്രചരിപ്പിക്കരുത്.
– ഒരു കാരണവശാലും നദി മുറിച്ചു കടക്കരുത്
– പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്ഫി എടുക്കൽ ഒഴിവാക്കുക.
– പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം. പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയിൽ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക.
– ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിർദേശം നല്കുക.
ശക്തമായ മഴക്ക് സാധ്യത; കെെക്കൊള്ളേണ്ട മുന്‍കരുതലുകള്‍
– ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ആകാശവാണിയുടെ ഈ നിലയങ്ങൾ റേഡിയോയില് ശ്രദ്ധിക്കുക
1. തിരുവനന്തപുരം MW (AM Channel): 1161 kHz
2. ആലപ്പുഴ MW (AM Channel): 576 kHz
3. തൃശൂര് MW (AM Channel): 630 kHz
4. കോഴിക്കോട് MW (AM Channel): 684 kHz
-തൊട്ടടുത്തുള്ള ക്യാമ്പുകളിലേക്ക് ആവശ്യമെങ്കില് മാറി താമസിക്കുക. ഓരോ വില്ലേജിലെയും ആളുകൾക്ക് സുരക്ഷിതമായ സ്ഥാനങ്ങൾ അതാതു പ്രാദേശിക ഭരണകൂടങ്ങൾ നിങ്ങളെ അറിയിക്കും. അവിടേക്ക് എത്രയും പെട്ടെന്ന് സ്വമേധയാ മാറാൻ ശ്രമിക്കുക. സഹായങ്ങൾ വേണ്ടവർ അധികൃതരുമായി മടിയൊന്നും കൂടാതെ ബന്ധപ്പെടുക.
-ജലം കെട്ടിടത്തിനുള്ളിലൽ പ്രവേശിച്ചാൽ, വൈദ്യുത ആഘാതം ഒഴിവാക്കുവാനായി മെയിന് സ്വിച്ച് ഓഫ് ആക്കുക
-ജില്ലാ എമെർജൻസി ഓപ്പറേഷന്സ് സെന്റര് നമ്പരുകൾ 1077, ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കില് STD code ചേര്ക്കുക
-പഞ്ചായത്ത് അധികാരികളുടെ ഫോൺ നമ്പര് കയ്യില് സൂക്ഷിക്കുക.
-വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല് അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കിൽ, ഇവരെ സംബന്ധിച്ച വിവരം സാമൂഹിക സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുക.
-വൈദ്യുതോപകരണങ്ങൾ വെള്ളം വീട്ടിൽ കയറിയാലും നശിക്കാത്ത തരത്തിൽ ഉയരത്തിൽ വെക്കുക.
ശക്തമായ മഴക്ക് സാധ്യത; കെെക്കൊള്ളേണ്ട മുന്‍കരുതലുകള്‍
-വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക. മൃഗങ്ങൾക്ക് പൊതുവിൽ നീന്താൻ അറിയുമെന്നോർക്കുക.
-വാഹനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാർക്ക് ചെയ്യുക.
-താഴ്ന്ന പ്രദേശത്തെ ഫ്ലാറ്റുകളിൽ ഉള്ളവർ ഫ്ലാറ്റിന്റെ സെല്ലാറിൽ കാർ പാർക്ക് ചെയ്യാതെ കൂടുതൽ ഉയർന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യുക.
-രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ചവർ മാത്രം ദുരിതാശ്വാസ സഹായം നല്കുവാന് പോകുക. മറ്റുള്ളവർ അവർക്ക് പിന്തുണ കൊടുക്കുക.
ആരും പരിഭ്രാന്തരാവാതെ ജാഗ്രതയോടയും ഒരുമയോടെയും പരിശ്രമിച്ചാൽ പരമാവധി പ്രയാസങ്ങൾ ലഘൂകരിച്ചു കൊണ്ട് മോശം സ്ഥിതികളെ നമുക്ക് അതിജീവിക്കാം.
ശക്തമായ മഴക്ക് സാധ്യത; കെെക്കൊള്ളേണ്ട മുന്‍കരുതലുകള്‍
മഞ്ഞ, ഓറഞ്ച് അലെർട്ടുകൾ പ്രഖ്യാപിക്കപ്പെട്ടാൽ ഓരോ സർക്കാർ വകുപ്പും സ്വീകരിക്കേണ്ട നടപടികളും തയ്യാറെടുപ്പുകളും സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച ‘കാലവർഷ-തുലാവർഷ ദുരന്ത മുന്നൊരുക്ക പ്രതികരണ മാർഗരേഖ’ കൈപ്പുസ്തകത്തിൽ വിശദമാക്കിയിട്ടുണ്ട്. കൈപ്പുസ്തകം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്സൈറ്റിലെ http://sdma.kerala.gov.in/wp-content/uploads/2019/05/monsoon-prepaedness.pdf എന്ന ലിങ്കിൽ ലഭ്യമാണ്.
മഴ മുന്നറിയിപ്പുകൾ സംബന്ധിച്ചുള്ള പൊതു വിവരങ്ങൾക്ക് അധ്യായം രണ്ട് കാണുക. വിവിധ സർക്കാർ സംവിധാനങ്ങൾ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് അധ്യായം 6, 7 എന്നിവ ആശ്രയിക്കുക.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തരഘട്ട കാര്യനിർവ്വഹണ കേന്ദ്രം 24*7 സമയവും സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തി വരുന്നു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുകളിലും അലെർട്ടുകളിലും വരുത്തുന്ന മാറ്റങ്ങൾക്കനുസരിച്ച് അപ്‌ഡേറ്റ് ചെയ്യുന്നതാണ്.