ഹൈക്കമാന്‍ഡിന്റെ തീരുമാനം ഞങ്ങളെല്ലാവരും അംഗീകരിക്കുന്നു എന്നെ ജനം വിലയിരുത്തട്ടെ: ചെന്നിത്തല

‘കോൺഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം ഞങ്ങളെല്ലാവരും അംഗീകരിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ കോൺഗ്രസിനെയും പ്രതിപക്ഷത്തെയും ശക്തമായി മുന്നോട്ടു നയിക്കാൻ വി.ഡി.സതീശന് കഴിയട്ടെ എന്നാണ് ആശംസ. വലിയ വെല്ലുവിളി നിറഞ്ഞ സന്ദർഭമാണ്. എല്ലാവരും യോജിച്ചു നിന്ന് പാർട്ടിയെയും യുഡിഎഫിനെയും ശക്തിപ്പെടുത്തേണ്ട സന്ദർഭമാണ്

0

വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ കോൺഗ്രസിനേയും യുഡിഎഫിനേയും നയിക്കാൻ വിഡി സതീശന് എല്ലാ പിന്തുണയും നൽകുമെന്നു രമേശ് ചെന്നിത്തല .വി.ഡി.സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത കോൺഗ്രസ് ഹൈക്കമാൻഡിനറെ തീരുമാനത്തിൽ സന്തോഷമുണ്ടെന്നു രമേശ് ചെന്നിത്തല. ‘കോൺഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം ഞങ്ങളെല്ലാവരും അംഗീകരിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ കോൺഗ്രസിനെയും പ്രതിപക്ഷത്തെയും ശക്തമായി മുന്നോട്ടു നയിക്കാൻ വി.ഡി.സതീശന് കഴിയട്ടെ എന്നാണ് ആശംസ. വലിയ വെല്ലുവിളി നിറഞ്ഞ സന്ദർഭമാണ്. എല്ലാവരും യോജിച്ചു നിന്ന് പാർട്ടിയെയും യുഡിഎഫിനെയും ശക്തിപ്പെടുത്തേണ്ട സന്ദർഭമാണ്. അതിനു വേണ്ടി കൂട്ടായ പരിശ്രമങ്ങൾ ഉണ്ടാകണമെന്നാണ് അഭിപ്രായം.പ്രതിപക്ഷ നേതൃസ്ഥാനത്ത് ചെയ്യാവുന്നതെല്ലാം ചെയ്താണ് പടിയിറങ്ങുന്നത്. ഒരു നിരാശയും ഇല്ല.

പ്രതിപക്ഷനേതാവിന്റെ തെരെഞ്ഞെടുക്കുന്നതുമായി നേരത്തെ ഞാനുമായി ആശയവിനിമയം ഉണ്ടായില്ല എന്നത് ഇപ്പോൾ ചർച്ചാവിഷയമല്ല. ഇനിയും കേരളത്തിലെ കോൺഗ്രസും യുഡിഎഫും തിരിച്ചുവരവിലേക്കുള്ള പാതയൊരുക്കയെന്നതാണ് നമ്മുടെ ലക്ഷ്യം. അതിനുവേണ്ടി എല്ലാ പ്രവർത്തകരും നേതാക്കളും യുഡിഎഫിനെ സ്നേഹിക്കുന്ന ജനങ്ങളും ഒന്നിച്ചു നിൽക്കുകയെന്നതാണ് പ്രധാനം. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് ലീഡറെ തീരുമാനിക്കാൻ കോൺഗ്രസ് അധ്യക്ഷയെ ചുമതലപ്പെടുത്തുന്ന പ്രമേയം ഉമ്മൻചാണ്ടി അവതരിപ്പിച്ചു. ഞാൻ പിന്‍താങ്ങി. അങ്ങനെ കോൺഗ്രസ് അധ്യക്ഷയെ ഏൽപിച്ച കാര്യത്തിൽ കോൺഗ്രസിന്റെ തീരുമാനമുണ്ടായി. അതിനെ എല്ലാവരും അംഗീകരിക്കുന്നു. എന്നെ മല്ലികാർജുനൻ ഖാർഗെ ഇന്നലെ രാവിലെ വിളിച്ച് തീരുമാനം അറിയിച്ചു.

കെപിസിസി അധ്യക്ഷനെ സംബന്ധിച്ച തീരുമാനവും ഹൈക്കമാൻഡ് തീരുമാനിക്കും. ഹൈക്കമാൻഡ് എന്തു തീരുമാനമെടുത്താലും ഞാൻ അംഗീകരിക്കും. വി.ഡി.സതീശനു പൂർണ പിന്തുണ ലഭിക്കും. പാർട്ടി ഒരു തീരുമാനമെടുത്താൽ എല്ലാ കോൺഗ്രസുകാരും അത് അംഗീകരിക്കും. എല്ലാവരും ഒന്നിച്ചു മുന്നോട്ടു പോകും. എനിക്ക് ഒരു നിരാശയുമില്ല. പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെയ്യാൻ കഴിയുന്നതെല്ലാം ഞാൻ ചെയ്തിട്ടുണ്ട്. അതിൽ സന്തോഷമേയുള്ളൂ. പ്രതിപക്ഷ ധർമം പൂർണമായി നിർവഹിച്ചു. സ്വാഭാവികമായി എന്റെ ഒരു പോരാട്ടമായിരുന്നു ഇടതുമുന്നണി സർക്കാരിനെതിരായി.

അതു മുഖ്യമന്ത്രിയുടെ പ്രതികരണം കേട്ടാൽ മനസ്സിലാകുമല്ലോ. എനിക്ക് പിണറായി വിജയന്റെ ഒരു സര്‍ട്ടിഫിക്കറ്റിന്റെയും ആവശ്യമില്ല. കേരളത്തിലെ ജനാധിപത്യ വിശ്വാസികളുടെ താൽപര്യങ്ങൾ ഉയർത്തിപ്പിടിക്കാനും സർക്കാരിന്റെ അഴിമതികൾ പുറത്തുകൊണ്ടുവരാനുമുള്ള നീക്കം ഞാൻ നടത്തി. അത് എന്റെ ധർമമാണ്. ആ പോരാട്ടം തുടരും. രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ എന്നെ വിമർശിക്കുന്നതിന് ഒരു കുഴപ്പവു‍മില്ല. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയാൻ ഞാൻ തയാറായതാണ്. യുഡിഎഫിനെ ഒന്നിച്ചുകൊണ്ടുപോകാൻ ഈ സ്ഥാനത്തു തുടരണമെന്ന് നേതാക്കളാണ് ആവശ്യപ്പെട്ടത്.

സ്ഥാനങ്ങളിലൊന്നും എനിക്ക് ഒരു താൽപര്യവുമില്ല. കേരളത്തിലെ മുഴുവൻ യുഡിഎഫ് പ്രവർത്തകരും ഒറ്റക്കെട്ടായി നിന്ന് യുഡിഎഫിന്റെ തിരിച്ചുവരവിനു പാതയൊരുക്കുകയാണ് വേണ്ടത്. കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്തിട്ടു കാര്യമില്ല–’കെപിസിസിയിൽ അടക്കം എന്ത് മാറ്റം വരുത്തണമെന്ന കാര്യം ഇനി തീരുമാനിക്കേണ്ടത് ഹൈക്കമാന്‍റ് ആണ്. രമേശ് ചെന്നിത്തല പറഞ്ഞു

You might also like

-