മേപ്പാടി പുത്തുമലയിൽ വൻദുരന്തം കാഴ്ച; മൂന്ന് മൃതദേഹം കിട്ടി, ഒരു ജവാസകേന്ദ്രം ഒന്നാകെ ഒലിച്ചുപോയി

കനത്ത മഴയും വെളിച്ചക്കുറവും കാരണം രാത്രി പതിനൊന്നരയോടെ നിര്‍ത്തിവച്ച രക്ഷാ പ്രവര്‍ത്തനം രാവിലെ വീണ്ടും തുടങ്ങിയിട്ടുണ്ട്. മൂന്ന് മൃതദേഹം രക്ഷാ പ്രവര്‍ത്തകര്‍ വീണ്ടെടുത്തു. അപകടം മുന്നിൽ കണ്ട് എത്രപേര്‍ ദുരിശ്വാസ ക്യാമ്പിലേക്ക് മാറിയെന്നോ എത്രപേര്‍ ഓടി രക്ഷപ്പെട്ടെന്നോ എത്രപേര്‍ മണ്ണിനടിയിൽ പെട്ടുപോയെന്നോ പോലും അറിയാത്ത അവസ്ഥയാണിപ്പോൾ പുത്തുമലയിൽ ഉള്ളത്

0

വയനാട്: മേപ്പാടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നാല് മരണം. ഇന്ന് രാവിലെ മുതല്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.സൈന്യത്തിന്റെ നേതൃത്വത്തിലാണ് മേഖലയിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. കൂടുതല്‍ പേര്‍ ഇനിയും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. വലിയ ഉരുൾപ്പൊട്ടലുണ്ടായ മേപ്പാടി പുത്തുമലയിൽ ഞെട്ടിപ്പിക്കുന്ന കാഴ്ചകൾ. ഒരു പ്രദേശമാകെ ഒലിച്ച് പോയ നിലയിലാണ് പുത്തുമല ഇപ്പോഴുള്ളത്. തോട്ടം തൊഴിലാളികൾ താമസിക്കുന്ന രണ്ട് പാടികളും പൂര്‍ണ്ണമായും ഒലിച്ചുപോയ നിലയിലാണ്. ഇരുപതോളം വീടുകളും പള്ളിയും അമ്പലവും എല്ലാം ഒലിച്ചുപോയി. മലയാളം പ്ലാന്‍റേഷനിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് പ്രദേശത്ത് താമസിക്കുന്നവരിൽ അധികവും

വിനോദസഞ്ചാര മേഖലകൂടിയാണ് പുത്തുമല. അത്തരത്തിൽ പുറത്ത് നിന്ന് എത്തിയ സഞ്ചാരികളും അപകടത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന സംശയവും ബലപ്പെടുകയാണ്. വാഹനങ്ങളെല്ലാം മണ്ണിനടിയിലാണ്. മലപ്പുറത്തുനിന്നെത്തിയ നാലംഗ സംഘം എവിടെയാണെന്നും അറിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ചരിത്രത്തിലില്ലാത്ത വിധം വലിയ ദുരന്തമാണ് വയനാട് പുത്തുമലയിൽ ഉണ്ടായിട്ടുള്ളതെന്നാണ് വിലയിരുത്തൽ. അപകടത്തിന്‍റെ വ്യാപ്തി തിരിച്ചറിയാൻ പോലും ഇതുവരെ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോഴും രക്ഷാപ്രവര്‍ത്തകര്‍.

ഝാര്‍ഖണ്ഡ് സ്വദേശികളായ എട്ട് കുടുംബം താമസിക്കുന്ന ക്വാര്‍ട്ടേഴ്സ് പൂര്‍ണ്ണമായും ഒലിച്ച് പോയ നിലയിലാണ്. ഇവരെവിടെയാണെന്നും അറിയാൻ കഴിയുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ദുര്‍ഘട വഴിയായതിനാൽ പുത്തുമലയിലേക്ക് എത്തിപ്പെടാനും കഴിയാത്ത അവസ്ഥയിലാണ്.

കനത്ത മഴയും വെളിച്ചക്കുറവും കാരണം രാത്രി പതിനൊന്നരയോടെ നിര്‍ത്തിവച്ച രക്ഷാ പ്രവര്‍ത്തനം രാവിലെ വീണ്ടും തുടങ്ങിയിട്ടുണ്ട്. മൂന്ന് മൃതദേഹം രക്ഷാ പ്രവര്‍ത്തകര്‍ വീണ്ടെടുത്തു. അപകടം മുന്നിൽ കണ്ട് എത്രപേര്‍ ദുരിശ്വാസ ക്യാമ്പിലേക്ക് മാറിയെന്നോ എത്രപേര്‍ ഓടി രക്ഷപ്പെട്ടെന്നോ എത്രപേര്‍ മണ്ണിനടിയിൽ പെട്ടുപോയെന്നോ പോലും അറിയാത്ത അവസ്ഥയാണിപ്പോൾ പുത്തുമലയിൽ ഉള്ളത്.

“30 വര്‍ഷമായി ഞാനവിടെ താമസിക്കുന്നു. പാഡിയും അമ്പലവും പള്ളിയും ക്വാര്‍ട്ടേഴ്സും വീടുകളും എല്ലാം ഒലിച്ചു പോയി. കുറേപ്പര്‍ അവിടെ നിന്നും നേരത്തെ മാറിയിരുന്നു. ഞാനും എന്‍റെ വയ്യാത്ത ഭാര്യയുമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നു. ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് രാവിലെ ഞങ്ങളെല്ലാം പോയി രക്ഷാപ്രവര്‍ത്തനം നടത്തി തിരിച്ചെത്തി. അപ്പോഴാണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്. കുത്തൊഴുക്കില്‍ വീടിന് മേലക്ക് മണ്ണും ചളിയും വന്നു നിറഞ്ഞു. വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാതെ ആയി അടുക്കള വാതിലില്‍ വിടവ് കണ്ട് ഞാന്‍ അതിലൂടെ ഭാര്യയേയും പൊക്കി കയറ്റി പുറത്തിറങ്ങി. പുറത്തു വന്നപ്പോള്‍ ആണ് അയല്‍വാസിയായ ഒരു പെണ്‍കുട്ടി ചളിയില്‍ കുടുങ്ങി കിടക്കുന്നത് കണ്ടത് അവളെ ഞാന്‍ രക്ഷപ്പെടുത്തി. തൊട്ടപ്പുറത്ത് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നുണ്ടായിരുന്നു അവരേയും ഞാന്‍ രക്ഷപ്പെടുത്തി. “അപ്പോഴേക്കും എന്‍റെ വീട് ഒലിച്ചു പോയി – അപകടത്തില്‍ നിന്നും രക്ഷപ്പെട്ട രാജു പറഞ്ഞു.

“വ്യാഴാഴ്ച രാത്രി പച്ചക്കാട് ഉരുള്‍പൊട്ടി. അതോടെ അവിടെയുണ്ടായിരുന്നവരെ സമീപത്തെ സ്കൂളിലേക്ക് മാറ്റി. അപ്പോള്‍ സ്കൂളിന് ചുറ്റും മൂന്ന് വട്ടം ഉരുള്‍പൊട്ടി. അതോടെ എല്ലാവരേയും ഞങ്ങള്‍ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി അപ്പോള്‍ വീണ്ടും പച്ചക്കാട് പൊട്ടിയ സ്ഥലത്ത് തന്നെ വീണ്ടും ശക്തമായ ഉരുള്‍പൊട്ടലുണ്ടായത്. അതിലാണ് എല്ലാവരും ഒലിച്ചു പോയത്. പച്ചക്കാടില്‍ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ പുത്തുമലയിലേക്ക് മാറിയ ആളുകളാണ് ഇപ്പോള്‍ അപകടത്തില്‍പ്പെട്ടിരിക്കുന്നത്. അവിടെ സുരക്ഷിതമായിരിക്കും എന്നാണ് അവരെല്ലാം കരുതിയത്. കാട്ടിനകത്തൂടെ ഒരു മണിക്കൂറോളം നടന്ന് ഞങ്ങള്‍ കുറച്ചു പേര്‍ അതിനകം സുരക്ഷിതസ്ഥാനത്തേക്ക് മാറി. എന്‍റെ വീടിനടുത്തുള്ള മൂന്നോ നാലോ വീട്ടുകാരെ കുറിച്ച് ഒരു വിവരവുമില്ല അവര്‍ അപകടത്തില്‍പ്പെട്ടോ എന്ന് ആശങ്കയിട്ട്. പച്ചക്കാട് മലയില്‍ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ എല്ലാവരും പുത്തുമലയിലേക്ക് മാറിയതാണ്. എന്നാല്‍ അവിടെ അതിഭീകരമായ ഉരുള്‍പൊട്ടല്‍ പിന്നെയുണ്ടായി. 70 ആളുകളെങ്കിലും അതില്‍ കുടുങ്ങിയിട്ടുണ്ട്. രണ്ട് പാഡി മൊത്തം ഒലിച്ചു പോയി. ആറ് മുറികളാണ് ഒരു പാഡിയിലുണ്ടാവുക. അങ്ങനെ പന്ത്രണ്ട് മുറികള്‍. ഇതിന് അടുത്തുള്ള ക്വാര്‍ട്ടേഴ്സുകള്‍. മുസ്ലീം പള്ളി അതിനു ചുറ്റുവട്ടത്തെ വീടുകള്‍, പിന്നെ മറ്റൊരു മൂന്ന് വീടുകള്‍ അവിടെയുള്ളവരെയൊന്നും ഇപ്പോള്‍ കാണാനില്ല.” – സംഭവത്തിന്‍റെ ദൃക്സാക്ഷിയായപ്രദേശവാസി പറഞ്ഞു

രണ്ടാമത് ഉരുള്‍പൊട്ടിയത് വന്‍സ്ഫോടനശബ്ദത്തോടെയാണ്. അന്നേരം ഒരു കാറിന്‍റെ ഹോണടിശബ്ദം കേട്ടാണ് ഞങ്ങള്‍ ഓടിച്ചെന്നത്. എന്നാല്‍ അഞ്ഞൂറ് മീറ്റര്‍ വീതിയില്‍ മണ്ണിടിഞ്ഞു വന്ന് കെട്ടിട്ടങ്ങളും വാഹനങ്ങളുമടക്കം എല്ലാം ഒലിച്ചു പോകുന്ന ഭീകരമായ കാഴ്ചയാണ് ഞാന്‍ കണ്ടത്. പച്ചക്കാടിനും മേലെ നിന്നും ഒരു കിലോമീറ്റര്‍ ദൂരെ നിന്നാണ് മണ്ണൊലിച്ചു വന്നത് എന്നാണ് എനിക്ക് തോന്നുന്നത്. താഴോട്ട് ചുരുങ്ങിയത് നാല് കിലോമീറ്ററെങ്കിലും പോയി ഇത് കളാടി പുഴയില്‍ പോയി ചേരും. വളരെ ചെറിയ ഒരു കൈതോടാണ് ഉരുള്‍ പൊട്ടി ഇങ്ങനെയായത്. ഉരുള്‍പൊട്ടലിന് പത്ത് മിനിറ്റ് മുന്‍പ് തോട്ടിലൂടെ കറുത്തജലം കുത്തിയൊലിച്ചു വരാന്‍ തുടങ്ങി. ഈ സമയം കൊണ്ട് എത്ര പേര്‍ രക്ഷപ്പെട്ടു എന്നറിയില്ല. പ്രദേശത്തുള്ള 90 ശതമാനം പേരെങ്കിലും അവിടെ നിന്നും രക്ഷപ്പെട്ടിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. എങ്കിലും അനവധി പേര്‍ കുടുങ്ങി കിടപ്പുണ്ട്. കൈക്കുഞ്ഞുങ്ങള്‍ കൈയില്‍ നിന്നും നഷ്ടപ്പെട്ട ചിലര്‍ അവിടെ അലറിക്കരഞ്ഞു നടക്കുന്നത് കണ്ടിരുന്നു”. – പച്ചക്കാട് സ്വദേശിയും സംഭവത്തിന് ദൃക്സാക്ഷിയുമായ സിദ്ധിഖ് പറയുന്നു.

You might also like

-