വയനാട്ടിൽ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റമുട്ടി ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി സൂചന
ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റതായും വിവരമമുണ്ട്
വയനാട് :വയനാട്ടിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിൽ ഏറ്റുമുട്ടി.പടിഞ്ഞാറത്തറയുടെയും ബാണസുരസാഗറിന്റെയും ഇടയിലുള്ള വാളാരംകുന്ന് മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്നാണറിയുന്നത്. ഇന്ന് പുലര്‍ച്ചെയാണ് .തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റതായും വിവരമമുണ്ട്
രാവിലെ ഈ പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന തണ്ടർ ബോൾട്ട് സംഘം മാവോയിസ്റ്റുകളെ കണ്ടെത്തുകയും തുടർന്ന് മാവോയിസ്റ്റുകൾ വെടിവെച്ചതിനെ തുടർന്ന് ഏറ്റുമുട്ടൽ ആരംഭിക്കുകയും ചെയ്തുവെന്നാണ് പൊലീസ് ആസ്ഥാനത്ത് നിന്നും ആദ്യഘട്ടത്തിൽ ലഭിക്കുന്ന വിശദീകരണം. മാവോയിസ്റ്റുകളുടെ സംഘത്തിൽ മൂന്ന് പേരുണ്ടായിരുന്നുവെന്നും ഇതിലൊരാളാണ് കൊല്ലപ്പെട്ടതെന്നുമാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. കൊല്ലപ്പെട്ടയാൾക്ക് സുമാർ 35 വയസ് തോന്നിക്കും. ഇയാളിൽ നിന്നും 303 മോഡൽ റൈഫിളും കണ്ടെത്തി. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലത്തേക്ക് ആരേയും പൊലീസ് കയറ്റിവിടുന്നില്ല. ഇവിടെ മൊബൈൽ ഫോണിന് റേഞ്ചില്ലെന്നും സാറ്റലൈറ്റ് ഫോണ് വഴി പൊലീസ് ആസ്ഥാനത്ത് നിന്നും തണ്ടർ ബോൾട്ട് സംഘവുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നുമാണ് സൂചന. മാവോയിസ്റ്റ് സംഘത്തിൻ്റെ കബനീ ദളം സജീവമായ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നിരിക്കുന്നത്.