പ്രളയത്തിന് ശേഷം ചാലിയാറിലും ജലനിരപ്പ് കുറയുന്നു.തീരങ്ങൾ കുടിവെള്ള പ്രതിസന്ധിയിൽ
ചാലിയാറിന്റെ ഇരുകരകളിലുമുള്ള കിണറുകളില്‍ വെള്ളം കുറയുകയും കൃഷിക്കാവശ്യമായ വെള്ളത്തിന് ദൌര്‍ലഭ്യം അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്
കോഴിക്കോട്: പ്രളയത്തിന് ശേഷം സംസ്ഥാനത്തെ മിക്ക നദികളിലെയും ജലനിരപ്പ് ക്രമാതീതമായി താഴ്ന്നുകൊണ്ടിരിക്കുകയാണ് ചാലിയാര്‍ പുഴയിലെ ജലവിതാനവും താഴുന്നു. കോഴിക്കോട് -മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന ഊർക്കടവ് റഗുലേറ്റർ കംബ്രിഡ്ജ് ഷട്ടർ താഴ്ത്തി തുടങ്ങി, ഷട്ടറിനുള്ളില്‍ കുടുങ്ങിക്കിടന്ന വലിയ മരങ്ങള്‍ ഫയര്‍ഫോഴ്സ് മുറിച്ചു നീക്കി. സമീപ പ്രദേശങ്ങളിലെ കിണറുകളിലെ ജലവിതാനവും താഴ്ന്നിരുന്നു.പ്രളയശേഷം ചാലിയാറിലെ ജലവിതാനം വലിയതോതില്‍ കുറയുന്നുവെന്ന് ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് ഊര്‍ക്കടവ് റെഗുലേറ്റര്‍ കംബ്രിഡ്ജിന്‍റ ഷട്ടറുകള്‍താഴ്ത്തി തുടങ്ങിയത്, 15 ഷട്ടറുകളില്‍ 13 എണ്ണവും താഴ്ത്തിയിട്ടുണ്ട്. ബാക്കിയുള്ള 2 ഷട്ടറുകള്‍ കൂടി വൈകാതെ താഴ്ത്താനാണ് അധികൃതരുടെ തീരുമാനം. ചാലിയാറിന്‍റെ ഇരു കരകളിലുമുള്ള കിണറുകളില്‍ വെള്ളം കുറയുകയും, കൃഷിക്കാവശ്യമായ വെള്ളത്തിന് ദൌര്‍ലഭ്യം അനുഭവപ്പെടുകയും ചെയ്തിരുന്നു. വാട്ടർ അതോറിറ്റിയുടെയും ജനപ്രതിനിധികളുടെയും നിർദേശത്തെ തുടർന്നാണ് നടപടി.
റഗുലേറ്റർ കം ബ്രിഡ്ജിന്റ ഷട്ടറുകള്‍ താഴ്ത്തുന്നതിടയിലാണ് ഷട്ടറിനുള്ളില്‍ വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയ വലിയ മരങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. മുക്കം ഫയർഫോഴ്സെത്തി സാഹസികമായി ഇത് മുറിച്ച് നീക്കുകയായിരുന്നു. അഞ്ച് ഷട്ടറിനുള്ളിൽ വലിയ മരങ്ങൾ കുടുങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ മുളകുട്ടം മൽസ്യതൊഴിലാളികൾ നീക്കം ചെയ്തിരുന്നു