യുദ്ധമോ ? പരിശീലനം നിർത്തിവെച്ചു; ആയുധം നിറച്ച് പൂർണ്ണ സജ്ജമാകാൻ യുദ്ധക്കപ്പലുകൾക്ക് നിർദ്ദേശം
വലിയ യുദ്ധ പരിശീലനം നിർത്തിവച്ച് ഇന്ത്യൻ നാവിക സേന. നാൽപ്പതോളം യുദ്ധക്കപ്പലുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്നുവരുന്ന ട്രോപക്സ് എന്ന അഭ്യാസപ്രകടനമാണു നിർത്തിവച്ചത്. കൊച്ചിയ്ക്ക് സമീപവും, വിശാഖപട്ടണത്തിനും ചെന്നൈയ്ക്കുമിടയിലും ജനുവരി 30ന് തുടങ്ങിയ യുദ്ധ പരിശീലനങ്ങൾ മാർച്ച് 14നാണ് അവസാനിക്കേണ്ടിയിരുന്നത്.
വിശാഖപട്ടണം: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഏറ്റവും വലിയ യുദ്ധ പരിശീലനം നിർത്തിവച്ച് ഇന്ത്യൻ നാവിക സേന. നാൽപ്പതോളം യുദ്ധക്കപ്പലുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്നുവരുന്ന ട്രോപക്സ് എന്ന അഭ്യാസപ്രകടനമാണു നിർത്തിവച്ചത്. കൊച്ചിയ്ക്ക് സമീപവും, വിശാഖപട്ടണത്തിനും ചെന്നൈയ്ക്കുമിടയിലും ജനുവരി 30ന് തുടങ്ങിയ യുദ്ധ പരിശീലനങ്ങൾ മാർച്ച് 14നാണ് അവസാനിക്കേണ്ടിയിരുന്നത്.
പരിശീലനങ്ങൾ നിർത്തിവച്ച സാഹചര്യത്തിൽ യുദ്ധക്കപ്പലുകൾ അടിയന്തിരമായി തീരത്തെത്തിച്ച് ആയുധങ്ങൾ നിറച്ച് സജ്ജമാകാൻ നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ടുകൾ. മുംബൈ, കാർവാർ, വിശാഖപട്ടണം തീരങ്ങളിലെത്തി പൂർണ്ണമായി ആയുധം നിറക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സാധാരണ ഗതിയിൽ യുദ്ധക്കപ്പലുകളിൽ പൂർണ്ണമായും ആയുധങ്ങൾ നിറക്കാറില്ല.
ഇതിന് പുറമെ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുന്ന മുഴുവൻ കപ്പലുകളുടെയും അന്തർവാഹിനികളുടെയും പണികൾ അടിയന്തിരമായി പൂർത്തിയാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. അവധിയിലുള്ള മുഴുവൻ ഉദ്യോഗസ്ഥരും എത്രയും വേഗം തിരിച്ചെത്താൻ കഴിഞ്ഞ ദിവസം നാവിക സേന നിർദ്ദേശം നൽകിയിരുന്നു