വാക്ക് ഔട്ട് ! ഉമർഫൈസി മുക്കം അധിക്ഷേപിച്ചു; മുശാവറ യോഗത്തിൽ ജിഫ്രി മുത്തുകോയ തങ്ങൾ ഇറങ്ങിപ്പോയി
ഉമർ ഫൈസി മുക്കവുമായി ബന്ധപ്പെട്ട പരാതികൾ ചർച്ചക്ക് വന്നപ്പോഴാണ് സംഭവം. ഇന്ന് യോഗം തുടങ്ങിയപ്പോൾ തന്നെ ഈ വിഷയം ചർച്ച ചെയ്യുമ്പോൾ ഉമർ ഫൈസി മുക്കം യോഗത്തിൽ നിന്ന് മാറിനിൽക്കണമെന്ന് യോഗാധ്യക്ഷനായ ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടിരുന്നു.
കോഴിക്കോട് | സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ യോഗത്തില്‍ നിന്ന് അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇറങ്ങിപ്പോയി. മുസ് ലിം ലീഗ് വിരുദ്ധ ചേരിയെ നയിക്കുന്ന ഉമര്‍ ഫൈസി മുക്കം നടത്തിയ അധിക്ഷേപ പരാമര്‍ശത്തെ തുടര്‍ന്നാണ് ജിഫ്രി തങ്ങള്‍ ഇറങ്ങിപ്പോവുന്ന അവസ്ഥയുണ്ടായത്. തൊട്ടുപിന്നാലെ ഉപാദ്ധ്യക്ഷന്‍ മുശാവറ യോഗം പിരിച്ചുവിട്ടു.
ഇന്ന് ചേർന്ന യോഗത്തിൽ ഉമർ ഫൈസി മുക്കവുമായി ബന്ധപ്പെട്ട പരാതികൾ ചർച്ചക്ക് വന്നപ്പോഴാണ് സംഭവം. ഇന്ന് യോഗം തുടങ്ങിയപ്പോൾ തന്നെ ഈ വിഷയം ചർച്ച ചെയ്യുമ്പോൾ ഉമർ ഫൈസി മുക്കം യോഗത്തിൽ നിന്ന് മാറിനിൽക്കണമെന്ന് യോഗാധ്യക്ഷനായ ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടിരുന്നു. പിന്നീട് അജണ്ടയിലെ മറ്റ് വിഷയങ്ങൾ ചർച്ച ചെയ്ത ശേഷം ഉമർ ഫൈസി മുക്കവുമായി ബന്ധപ്പെട്ട കാര്യം ചർച്ചയ്ക്ക് വന്നപ്പോൾ അദ്ദേഹത്തോട് യോഗത്തിൽ നിന്ന് മാറിനിൽക്കാൻ ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ ഉമർ ഫൈസി മുക്കം ഇതിന് തയ്യാറായില്ല. ജിഫ്രി തങ്ങളുടെ ആവശ്യം നിരാകരിച്ച് യോഗത്തിൽ സംസാരിച്ച അദ്ദേഹം കള്ളന്മാർ എന്ന പദപ്രയോഗം നടത്തിയതോടെ കുപിതനായി ജിഫ്രി തങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
അതേ സമയം സമസ്തയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ പ്രത്യേക മുശാവറ ചേരുമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാഴ്ച്ചക്കകം ചേരുന്ന മുശാവറയില്‍ തര്‍ക്കങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. ഇസ്‌ലാമിക് കോളേജുകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മധ്യസ്ഥ തീരുമാനങ്ങള്‍ നടപ്പായില്ല. ഹക്കീം ആദൃശേരിയെ വീണ്ടും ജനറല്‍ സെക്രട്ടറിയാക്കി. സമസ്തക്ക് ഇസ്‌ലാമിക് കോളേജ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുമായി ഒരു ബന്ധവുമില്ല. എന്നാല്‍ സമസ്തയുടേയും ലീഗിന്റെയും നേതാക്കള്‍ തമ്മില്‍ എടുത്ത തീരുമാനങ്ങള്‍ ഇസ്‌ലാമിക് കോളേജ് കോര്‍ഡിനേഷന്‍ കമ്മിറ്റിയെ കൊണ്ട് അംഗീകരിപ്പിക്കാമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ സമസ്ത നേതാക്കളോട് പറഞ്ഞതാണ്. ഇത് നടപ്പാക്കുന്ന മുറക്ക് തീരുമാനം പുനഃപരിശോധിക്കുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.