വിസ്മയയുടെ മരണം: കിരണിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
വിസ്മയയുടെ സ്വർണം സൂക്ഷിച്ചിരിക്കുന്ന ലോക്കറും പോലീസ് സീൽ ചെയ്തിട്ടുണ്ട്.
കൊല്ലം: വിസ്മയുയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് കിരൺ കുമാറിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. വിസ്മയയുടെ സ്വർണം സൂക്ഷിച്ചിരിക്കുന്ന ലോക്കറും പോലീസ് സീൽ ചെയ്തിട്ടുണ്ട്. ഇതിന് പുറമെ കിരൺ കുമാറിനെ കൂടുതൽ ദിവസം കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷയും പോലീസ് ഇന്ന് കോടതിൽ സമർപ്പിക്കും.
കേസിൽ സ്ത്രീധനമായി നൽകിയ സ്വർണവും കാറും തൊണ്ടി മുതലാകുമെന്ന് പോലീസ് അറിയിച്ചു. വിസ്മയയുടെ സുഹൃത്തുക്കളുടേയും സഹപാഠികളുടേയും മൊഴി രേഖപ്പെടുത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. വിസ്മയയെ നേരത്തേയും കിരൺ മർദ്ദിച്ചിരുന്നതായി ചില സുഹൃത്തുക്കൾ മാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തുന്നത്.
അതിനിടെ ചടയമംഗലം പോലീസ് ജനുവരിയിൽ ഒത്തുതീർപ്പാക്കിയ മർദ്ദനക്കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിസ്മയയുടെ കുടുംബം രേഖാമൂലം ഇന്ന് പരാതി നൽകും. ഇന്നലെ ഐജി ഹർഷിത അട്ടല്ലൂരി കേസ് പുനരന്വേഷിക്കുമെന്ന് കുടുംബത്തിന് വാക്കാൽ ഉറപ്പ് നൽകിയിരുന്നു.