വീണാ ജോർജിന് ആരോഗ്യവകുപ്പ് ,ധനമന്ത്രിയായി കെ.എൻ.ബാലഗോപാൽ പി.രാജീവിന് വ്യവസായം

ധനമന്ത്രിയായി കെ.എൻ.ബാലഗോപാൽ എത്താനാണ് സാധ്യത. ധനമന്ത്രിയാകും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന പി.രാജീവിനെ വ്യവസായ വകുപ്പിലേക്കാണ് പരിഗണിക്കുന്നത്. എക്സൈസ് മന്ത്രിയായി വി.എൻ.വാസവൻ വരാനാണ് സാധ്യത. ശിവൻകുട്ടിയെ ദേവസ്വം വകുപ്പിലേക്കാണ് പരിഗണിക്കുന്നത്. ടൂറിസം വകുപ്പ് മുഹമ്മദ് റിയാസിന് ലഭിക്കാനാണ് സാധ്യത

0

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ ആരോഗ്യവകുപ്പ് വീണാ ജോർജിന്. ഒന്നാം പിണറായി സർക്കാരിൽ കെ.കെ ശൈലജ മികച്ച രീതിയിൽ കൈകാര്യം ചെയ്ത വകുപ്പാണ് വീണാ ജോർജിന് ലഭിച്ചിരിക്കുന്നത്.പത്തനംതിട്ടയിൽ നിന്നുള്ള ആദ്യവനിതാ മന്ത്രിയാണ് വീണാ ജോർജ്.വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുമ്പോൾ സുപ്രധാന വകുപ്പുകളെല്ലാം സിപിഎം തന്നെ കൈവശം വയ്ക്കും എന്ന് വ്യക്തമായിട്ടുണ്ട്. ധനമന്ത്രിയായി കെ.എൻ.ബാലഗോപാൽ എത്താനാണ് സാധ്യത. ധനമന്ത്രിയാകും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന പി.രാജീവിനെ വ്യവസായ വകുപ്പിലേക്കാണ് പരിഗണിക്കുന്നത്. എക്സൈസ് മന്ത്രിയായി വി.എൻ.വാസവൻ വരാനാണ് സാധ്യത. ശിവൻകുട്ടിയെ ദേവസ്വം വകുപ്പിലേക്കാണ് പരിഗണിക്കുന്നത്. ടൂറിസം വകുപ്പ് മുഹമ്മദ് റിയാസിന് ലഭിക്കാനാണ് സാധ്യത.

സിപിഎമ്മിലെ വനിതാ പ്രതിനിധികളായ വീണാ ജോർജിനേയും ആർ.ബിന്ദുവിനേയും സുപ്രധാനമായ ആരോഗ്യം, വിദ്യാഭ്യാസം എന്നീ വകുപ്പുകളിലേക്കാണ് പരിഗണിക്കുന്നത്. ആരോഗ്യവകുപ്പ് വീണയ്ക്കും വിദ്യാഭ്യാസം ബിന്ദുവിനും എന്നാണ് ഒടുവിൽ കിട്ടുന്ന വിവരം. ചിലപ്പോൾ നേരെ തിരിച്ചുമാകാം.

കേന്ദ്രകമ്മിറ്റി അംഗമായ എം.വി.ഗോവിന്ദന് തദ്ദേശസ്വയംഭരണവകുപ്പ് കിട്ടാനാണ് സാധ്യത. സഹകരണ വകുപ്പിലേക്കും അദ്ദേഹത്തെ പരിഗണിക്കുന്നുണ്ട്. കെ രാധാകൃഷ്ണന് പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. സജി ചെറിയാന് വൈദ്യുതി വകുപ്പ് കിട്ടാനാണ് സാധ്യത. കെ.ടി.ജലീലിന് പകരക്കാരനായി മലപ്പുറത്ത് നിന്നും മന്ത്രിസഭയിൽ എത്തിയ വി.അബ്ദുറഹിമാന് ന്യൂനപക്ഷക്ഷേമവകുപ്പ് തന്നെ കിട്ടിയേക്കും. കേരള കോൺ​ഗ്രസ് എമ്മിന് ജലവിഭവവകുപ്പ് നൽകാനാണ് ഒടുവിലെ ധാരണ.

You might also like

-